50 ശതമാനം ഒരു വിജയ് ചിത്രവും 50 ശതമാനം തന്‍റെ സിനിമയും എന്ന നിലയ്ക്കാണ് 'മാസ്റ്ററി'നെ നോക്കിക്കണ്ടതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. വിജയ് ചിത്രങ്ങളിലെ സാധാരണ ഘടകങ്ങളെല്ലാം ഉണ്ടായിരിക്കുമ്പോള്‍ത്തന്നെ ക്ലീഷേകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ലോകേഷ് പറയുന്നു. തമിഴ് മാധ്യമമായ വികടന് നല്‍കിയ അഭിമുഖത്തിലാണ് 'മാസ്റ്ററി'നെക്കുറിച്ച് സംവിധായകന്‍ മനസ് തുറക്കുന്നത്.

"എനിക്കൊപ്പമെത്തുമ്പോള്‍ ഒരു പുതുമ വേണമെന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു. വിജയ് ചിത്രങ്ങളിലെ ക്ലീഷേകളുടെ സ്ഥാനത്ത് പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. എനിക്ക് എന്താണോ ശരിയെന്ന് തോന്നുന്നത് അത് ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും വിജയ് സാര്‍ തന്നിരുന്നു", ലോകേഷ് പറയുന്നു. 'മാസ്റ്ററി'ലേക്ക് വിജയ് എത്തിയതിനെക്കുറിച്ച് ലോകേഷ് ഇങ്ങനെ പറയുന്നു- "കൈതി ചെയ്യുന്ന സമയത്താണ് വിജയ് സാര്‍ പുതിയ സംവിധായകരുടെ കഥകള്‍ കേള്‍ക്കുന്നതായി അറിഞ്ഞത്. കൈതിയുടെ അവസാന ഷെഡ്യൂള്‍ നടക്കുന്ന സമയത്താണ് അദ്ദേഹത്തെ പോയി കണ്ടത്. മാനഗരമാണ് വിജയ് സാര്‍ കണ്ടിരുന്ന എന്‍റെ ചിത്രം.  അര മണിക്കൂറില്‍ കഥ പറഞ്ഞു. ആലോചിച്ചിട്ട് മറുപടി തരാമെന്ന് പറഞ്ഞു. പിറ്റേന്ന് അദ്ദേഹത്തിന്‍റെ മാനേജര്‍ വിളിച്ചു. പിന്നീട് വിജയ് സാറ്‍ നേരിട്ടും പറഞ്ഞു, പടം ചെയ്യാമെന്ന്", ലോകേഷ് പറയുന്നു.

 

വിജയ് സേതുപതിയെ വില്ലനായി കൊണ്ടുവന്നതിനെക്കുറിച്ച് ലോകേഷ് പറയുന്നത് ഇങ്ങനെ- "വില്ലന്‍ കഥാപാത്രത്തിന് പ്രാധാന്യം വേണമെന്നുതോന്നിയതുകൊണ്ടാണ് വിജയ് സേതുപതിയെ കാസ്റ്റ് ചെയ്തത്. അഭിനയിക്കുന്ന സിനിമകളില്‍ വലിയ താരനിര അണിനിരക്കുമ്പോഴും അവര്‍ക്ക് എല്ലാവര്‍ക്കും പെര്‍ഫോം ചെയ്യാനുള്ള സാധ്യത ഉണ്ടാവണമെന്നാണ് വിജയ് സാറിന്. അത് മാസ്റ്ററിലും ഉണ്ടാവും", ലോകേഷ് പറയുന്നു. വിജയ്ക്കൊപ്പം ഇതുവരെ അഭിനയ്ക്കാത്ത താരങ്ങളാണ് മാസ്റ്ററില്‍ കൂടുതല്‍. പുതിയ കൂട്ടായ്‍മ അദ്ദേഹം ഏറെ ആസ്വദിച്ചെന്നും ഷോട്ട് കഴിഞ്ഞാല്‍ കാരവാനിലേക്ക് പോകുന്നതിനു പകരം പലപ്പോഴും വിജയ് തങ്ങള്‍ക്കൊപ്പമിരുന്ന് സംസാരിക്കുമായിരുന്നെന്നും പറയുന്നു ലോകേഷ്. 

കൊവിഡ് മൂലം റിലീസ് മാറ്റിവെക്കേണ്ടിവന്ന സമയത്തെക്കുറിച്ച് ലോകേഷ് ഇങ്ങനെ പറയുന്നു- "ലോക്ക് ഡൗണില്‍ സിനിമ മാറ്റിവെക്കാന്‍ തീരുമാനിച്ചതിനു ശേഷം മൂന്നാല് മാസം ഞാനുള്‍പ്പെടെയുള്ളവര്‍ ഡിപ്രഷനിലായിരുന്നു. പക്ഷേ ഈ സമയത്തും ആരാധകര്‍ കാണിച്ച ഉത്സാഹമായിരുന്നു ഞങ്ങളുടെ ഊര്‍ജ്ജം. ഒടിടി റിലീസ് എന്നൊക്കെ എവിടെയെങ്കിലും ഒരു വാര്‍ത്ത വന്നാല്‍ അത് പാടില്ലെന്നും ഞങ്ങള്‍ക്ക് തീയേറ്ററില്‍ത്തന്നെ കാണണമെന്നും എത്രയോ മെസേജുകള്‍ വരാറുണ്ടായിരുന്നു", ലോകേഷ് പറയുന്നു. ടീസറില്‍ വിജയ്‍ക്ക് പഞ്ച് ഡയലോഗ് ഇല്ലാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് ബോധപൂര്‍വ്വം ഒഴിവാക്കിയതല്ലെന്നും മാസ്റ്ററിലെ വിജയ് കഥാപാത്രം അത്തരം ഡയലോഗുകള്‍ പറയുന്ന ആളല്ലെന്നും ലോകേഷ് പറയുന്നു. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 13ന് തീയേറ്ററുകളിലെത്തും.