വർഷങ്ങൾക്ക് ശേഷം ബാബു ആന്റണി നായകനായി എത്തുന്ന ചിത്രമാണ് ഒമർ ലുലു ഒരുക്കുന്ന പവർ സ്റ്റാർ. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബാബു ആന്‍റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഹോളിവുഡ് താരം ലൂയി മാന്‍ഡിലര്‍ ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം, താൻ കേരളത്തെ കൂടുതല്‍ ഇഷ്ടപ്പെടുന്നതായും ബാബു ആന്റണിക്കൊപ്പം പവർ സ്റ്റാറിൽ അഭിനയിക്കാൻ ഒരുങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും വീഡിയോയിലൂടെ താരം പങ്ക് വെച്ചു.

നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ടയാളാണ് ഓസ്ട്രേലിയന്‍ സ്വദേശിയായ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍. മൈ ബിഗ് ഫാറ്റ് ഗ്രീക്ക് വെഡ്ഡിംഗ്, ദി കഴ്‍സ്‍ഡ്, സക്കേഴ്‍സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കൂടാതെ നിരവധി യുഎസ് ടെലിവിഷന്‍ സിരീസുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബോക്സിംഗ് താരവും ഫുട്ബോളറും കൂടിയാണ് ലൂയിസ് മാന്‍ഡിലര്‍. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമര്‍ ലുലു മുന്‍പു ചെയ്‍തിട്ടുള്ളതെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങാനാവുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.