ഇത്തവണത്തെ ഓണം റിലീസുകളില്‍ ആദ്യം തീയേറ്ററുകളിലെത്തുന്നത് നിവിന്‍ പോളിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലവ് ആക്ഷന്‍ ഡ്രാമ'. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വ്യാഴാഴ്ച തീയേറ്ററുകളിലെത്തും. ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ മടങ്ങി എത്തുന്ന ചിത്രം കൂടിയാണിത്. ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത വടക്കു നോക്കി യന്ത്രത്തിലെ കഥാപാത്രങ്ങളായ ദിനേശനും ശോഭയും, പേരിലൂടെ പുനരവതരിക്കുകയാണ് ചിത്രത്തില്‍.

നിവിന്‍ പോളി തളത്തില്‍ ദിനേശന്‍ ആകുമ്പോള്‍ ശോഭയായാണ് നയന്‍ താര ചിത്രത്തിലെത്തുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഭഗത് മാനുവല്‍, ജൂഡ് ആന്റണി, ഹരികൃഷ്ണന്‍, ദീപക് പറമ്പേല്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ടീസറും ഗാനവും ഇതിനോടകം തരംഗമായി കഴിഞ്ഞു.