ഓണം റിലീസായി തിയേറ്ററിലെത്തുന്ന ചിത്രമാണ് 'ലവ് ആക്ഷൻ ഡ്രാമ'. നിവിൻ പോളിയേയും നയൻതാരയേയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 
ധ്യാൻ ശ്രീനിവാസനാണ്.  ചിത്രത്തിന്റെ ടീസർ പുറത്തിറക്കുന്നത് മോഹൻലാലും മകൻ പ്രണവ്  മോഹൻലാലും ചേർന്നാണ്. ഇതാദ്യമായാണ് ഒരു ചിത്രത്തിന്റെ ടീസർ ഇരുവരും ചേർന്ന് പുറത്തിറക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവും നടനുമായ അജു വർഗീസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

നയൻതാരയും നിവിൻ പോളിയും ഒന്നിച്ചുള്ള ചിത്രത്തിന്റെ  ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ  വൈറലായിരുന്നു. ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച 'വടക്കുനോക്കി യന്ത്രം' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളി എത്തുമ്പോൾ ശോഭയായാണ് നയൻതാര എത്തുന്നത്. ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂട്ടി ചിത്രം പുതിയ നിയമം ആയിരുന്നു നയൻതാരയുടെ അവസാന മലയാള ചിത്രം. ഉർവശിയും ചിത്രത്തിൽ​ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.