Asianet News MalayalamAsianet News Malayalam

'ലവ്' ഡിജിറ്റല്‍ പ്രീമിയര്‍ നെറ്റ്ഫ്ളിക്സില്‍; 'ദൃശ്യം 2' എത്തുന്ന അതേദിവസം

എന്നാല്‍ 'ദൃശ്യം 2'നെപ്പോലെ ഡയറക്ട് ഒടിടി റിലീസ് അല്ല ചിത്രം. മറിച്ച് തിയറ്ററുകളില്‍ നേരത്തെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ ഡിജിറ്റല്‍ പ്രീമിയര്‍ ആണ്. 

love digital premiere on netflix release date
Author
Thiruvananthapuram, First Published Feb 17, 2021, 12:36 PM IST

ഇന്ത്യയെമ്പാടും സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ഡയറക്ട് ഒടിടി റിലീസിന് ഇനി ഒന്നര ദിവസം കൂടിയേ ഉള്ളൂ. 'ദൃശ്യ'ത്തിന്‍റെ തുടര്‍ച്ചയായ 'ദൃശ്യം 2' ആണത്. ആമസോണ്‍ പ്രൈമിലാണ് ചിത്രം എത്തുക. ഈ മാസം 19നാണ് റിലീസ്. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രത്തിന്‍റെ ഡിജിറ്റല്‍ പ്രീമിയറും അതേദിവസം മറ്റൊരു ഒടിടി പ്ലാറ്റ്ഫോമില്‍ എത്തുകയാണ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത 'ലവ്' ആണ് ചിത്രം. നെറ്റ്ഫ്ളിക്സിലാണ് ചിത്രം എത്തുക.

എന്നാല്‍ 'ദൃശ്യം 2'നെപ്പോലെ ഡയറക്ട് ഒടിടി റിലീസ് അല്ല ചിത്രം. മറിച്ച് തിയറ്ററുകളില്‍ നേരത്തെ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ ഡിജിറ്റല്‍ പ്രീമിയര്‍ ആണ്. ജനുവരി 29ന് കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട ലവ് അതിനു മുന്‍പേ ഗള്‍ഫില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 15നായിരുന്നു ഗള്‍ഫ് റിലീസ്. ലോക്ക് ഡൗണിനു ശേഷം തിയറ്ററില്‍ റിലീസ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ ചിത്രവുമായിരുന്നു ലവ്.

മമ്മൂട്ടി നായകനായെത്തിയ ശ്രദ്ധേയ ചിത്രം 'ഉണ്ട'യ്ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയുമാണ് നായികാ നായകന്മാര്‍. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍. കൊവിഡ് കാലയളവില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് ഇത്. ജൂണ്‍ 22ന് ആരംഭിച്ച ചിത്രീകരണം ജൂലൈ 15നാണ് അവസാനിച്ചത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. 'ഉണ്ട'യ്ക്കു പുറമെ 'അനുരാഗ കരിക്കിന്‍വെള്ളം' എന്ന ചിത്രവും ഖാലിദ് സംവിധാനം ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios