ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത 'ലവ്' നാളെ മുതല്‍ ഗള്‍ഫിലെ തീയേറ്ററുകളില്‍. യുഎഇയിലും ജിസിസിയിലുമായി 41 തീയേറ്ററുകളിലാണ് ചിത്രം വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തുന്നത്. ലോക്ക് ഡൗണിനു ശേഷം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാവുകയാണ് ഇതോടെ 'ലവ്'. ദുബൈ, അബുദബി, ഷാര്‍ജ, അജ്‍മാന്‍, അല്‍ എയ്‍ന്‍, ഫുജൈറ, റാസ് അല്‍ ഖൈമ, ഖത്തര്‍ എന്നിവിടങ്ങളിലെ തീയേറ്ററുകളിലാണ് ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുന്നത്.

മമ്മൂട്ടി നായകനായെത്തിയ ശ്രദ്ധേയ ചിത്രം 'ഉണ്ട'യ്ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയുമാണ് നായികാ നായകന്മാര്‍. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍. 

കൊവിഡ് കാലയളവില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് ഇത്. ജൂണ്‍ 22ന് ആരംഭിച്ച ചിത്രീകരണം ജൂലൈ 15നാണ് അവസാനിച്ചത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. 'ഉണ്ട'യ്ക്കു പുറമെ 'അനുരാഗ കരിക്കിന്‍വെള്ളം' എന്ന ചിത്രവും ഖാലിദ് സംവിധാനം ചെയ്തിട്ടുണ്ട്.