കൊച്ചി: 'ലൂസിഫറി'ലെ സംഘട്ടന രംഗങ്ങളുടെ പിന്നാമ്പുറക്കാഴ്ചകള്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. 'ലൂസിഫര്‍ ബിഹൈന്‍ഡ് ദ സീന്‍ സെഗ്മന്‍റ് -1' എന്ന പേരിലിറങ്ങിയ വീഡിയോയില്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണമാണ് കാണിക്കുന്നത്.

പൃഥ്വിരാജ് കില്‍ ബില്‍ എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന വീഡിയോ റിലീസായി നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തു. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും മുരളി ഗോപിയുടെയും ഫേസ്ബുക്ക് പേജുകളില്‍ തിങ്കളാഴ്ച രാവിലെ 10ന് ഒരുമിച്ച് പ്രത്യക്ഷപ്പെട്ട 'എല്‍, ദി ഫിനാലെ അനൗണ്‍സ്‌മെന്റ് നാളെ വൈകിട്ട് ആറിന്, കാത്തിരിക്കുക' എന്ന പോസ്റ്റിന്  വലിയ പ്രതികരണമാണ്  ആരാധകരില്‍ നിന്ന് ഉണ്ടായത്. പോസ്റ്റില്‍ ഒളിപ്പിച്ച സര്‍പ്രൈസ് എന്താണെന്നുള്ള ചര്‍ച്ചകള്‍ക്ക് ചൂടേറുന്നതിനിടെയാണ് ചിത്രത്തിന്‍റെ പിന്നാമ്പുറക്കാഴ്ചകള്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍ ആരാധകരുടെ ആകാംഷ വര്‍ധിപ്പിച്ചത്.

മോഹന്‍ലാലും പൃഥ്വിയും മുരളി ഗോപിയും ആരാധകര്‍ക്കായി കരുതിവച്ചിരിക്കുന്ന സര്‍പ്രൈസ് എന്താണ് എന്നതിന്റെ ഊഹങ്ങളാണ് ഇവരുടെ പോസ്റ്റുകള്‍ക്ക് താഴെ ലഭിച്ച കമന്റുകളില്‍ നിറയെ. 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ആദ്യ മലയാളചിത്രമായ ലൂസിഫറിന്റെ രണ്ടാംഭാഗം തന്നെയാവും ആ പ്രഖ്യാപനം എന്നാണ് ഭൂരിഭാഗവും കരുതുന്നത്.