കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ലോകമാകമാനമുള്ള ചലച്ചിത്ര വ്യവസായങ്ങള്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്. മിക്ക രാജ്യങ്ങളിലും തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പുതിയ റിലീസുകള്‍ സംഭവിക്കുന്നില്ല. ആഗോള റിലീസുള്ള ഹോളിവുഡ് ചിത്രങ്ങളുടെ കാര്യവും അങ്ങനെതന്നെ. ആഗോളതലത്തില്‍ തീയേറ്ററുകള്‍ തുറന്നതിനുശേഷമേ റിലീസിന്‍റെ കാര്യം ആലോചിക്കാനാവൂ എന്നതിനാല്‍ വരാനിരിക്കുന്ന പല സിനിമകളും റിലീസ് നീട്ടിവച്ചിട്ടുണ്ട്. മനോജ് നൈറ്റ് ശ്യാമളന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രവും ഇത്തരത്തില്‍ റിലീസ് നീട്ടിയിരിക്കുകയാണ്.

2021 ഫെബ്രുവരി 26നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അത് അഞ്ച് മാസം നീട്ടിയിരിക്കുകയാണ് ഇപ്പോള്‍. ചിത്രം ജൂലൈ 23നേ എത്തൂവെന്ന് വിതരണക്കാരായ യൂണിവേഴ്‍സല്‍ സ്റ്റുഡിയോസ് ആണ് അറിയിച്ചിരിക്കുന്നത്. ശ്യാമളന്‍റെ കഴിഞ്ഞ മൂന്നു സിനിമകളും തീയേറ്ററുകളിലെത്തിച്ചത് യൂണിവേഴ്‍സല്‍ ആയിരുന്നു. 

ചിത്രത്തിന്‍റെ പ്രമേയത്തെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ശ്യാമളന്‍റെ മുന്‍ ചിത്രങ്ങളുമായി ബന്ധമുള്ളതായിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിന്‍റെ തിരക്കഥയും നിര്‍മ്മാണവും അദ്ദേഹം തന്നെയാണ്. എലിസ സ്കാന്‍ലെന്‍, തൊമാസിന്‍ മക്കെന്‍സി, അലക്സ് വൂള്‍ഫ്, കെന്‍ ലിയൂങ്, അബ്ബെ ലീ, നിക്കി അമുക ബേഡ് തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.