ടിനി ആരുടെ ശബ്ദത്തിലാണ് അൻസിബയെ അങ്ങനെ വിളിച്ചതെന്ന് ചോദിച്ച നിഷാദ്, അദ്ദേഹത്തിന്റെ കലാപരമായ കഴിവിനെയും രൂക്ഷമായി വിമർശിച്ചു. MA Nishad mocks Tiny Tom

അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നുമുള്ള നടി അൻസിബയുടെ രാജിക്ക് പിന്നാലെ താരം ഇന്ന് ടിനി ടോമിനെതിരെ രംഗത്തുവന്നിരുന്നു. തന്നെ ജിഹാദി എന്ന് ടിനി ടോം വിളിച്ചുവെന്നും, തനിക്ക് എല്ലാവരുമായി അവിഹിതമുണ്ടെന്ന് ടിനി ടോം പ്രചരിപ്പിച്ചുവെന്നും അടക്കം ഗുരുതരമായ ആരോപണങ്ങളാണ് ടിനിക്കെതിരെ അൻസിബ ഉന്നയിച്ചത്. എന്നാൽ താൻ അങ്ങനെ വിളിച്ചിട്ടില്ലെന്നും അൻസിബ സഹോദരിയെ പോലെയാണെന്നും വളർന്നുവരുന്ന തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ടിനി ടോം പ്രതികരിച്ചിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോഴിതാ ടിനി ടോമിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. ടിനി അൻസിബയെ ജിഹാദി എന്ന് വിളിച്ചത് ആരുടെ ശബ്ദത്തിലാണ് എന്നാണ് എംഎ നിഷാദ് പരിഹാസ രൂപേണ ചോദിക്കുന്നത്. ടിനി ഒരു കലാകാരനല്ല എന്ന സത്യം ഭൂമിമലയാളത്തിൽ സകലമനുഷ്യജീവികൾക്കും അറിയാവുന്ന പരമാർത്ഥമാകുന്നുവെന്നും അനുകരണകല ചെയ്യുകയാണെങ്കിൽ മനുഷ്യനടക്കമുള്ള ജീവികളെ ഒഴിവാക്കി നിർജ്ജീവമായ വസ്തുക്കളെ ഇരയാക്കിക്കൊള്ളുക എന്നും എംഎ നിഷാദ് ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

എംഎ നിഷാദ് പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം:

പ്രിയപ്പെട്ട ടിങ് ടോങ്, താങ്കൾ ഒരു കലാകാരനല്ല എന്ന സത്യം താങ്കൾക്ക് വേദി തരുന്ന അപൂർവ്വം ചിലരൊഴികെ, ഭൂമിമലയാളത്തിൽ സകലമനുഷ്യജീവികൾക്കും അറിയാവുന്ന പരമാർത്ഥമാകുന്നു. ടി സത്യം താങ്കളും മനസ്സിലാക്കണമെന്ന് ആഗ്രഹമുണ്ട്. കലാകാരനാവണമെന്നുള്ള താങ്കളുടെ ആഗ്രഹത്തെ മാനിക്കുന്നു. അതോടൊപ്പം തന്നെ കല എന്ന പേരിൽ താങ്കൾ ചെയ്യുന്ന പ്രവൃത്തികൾ വഴി കലാകാരന്മാരായ സാധുക്കൾ തലയിൽ മുണ്ടിട്ട് നാടുവിടാൻ ഇനിയും ഇടയാക്കരുതെന്ന് അപേക്ഷിക്കുന്നു. പൊതുവേദികൾ ഒഴിവാക്കി ദണ്ഡനത്തിന്റെ കാഠിന്യം അസാരം കുറയ്ക്കണമെന്ന് വ്യംഗ്യം. താങ്കൾക്ക് അനുകരണകല തന്നെ ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ മനുഷ്യനടക്കമുള്ള ജീവജാലങ്ങളെ ഒഴിവാക്കി നിർജ്ജീവമായ വസ്തുക്കളെ ഇരയാക്കിക്കൊള്ളുക. ജനങ്ങൾ സ്നേഹിക്കുകയും നെഞ്ചിൽ സൂക്ഷിക്കുകയും ചെയ്യുന്ന അഭിനേതാക്കളെ വെറുതെ വിടാൻ ദയവുണ്ടാകണം.ഇപ്പോൾ വാർത്തയായ വിഷയത്തിൽ താങ്കൾ ആരുടെ ശബ്ദത്തിലാണ് അൻസിബയെ ജിഹാദി എന്നു വിളിച്ചതെന്നറിയില്ല. എങ്കിലും കൃത്യം വൈബ് മാച്ചായ സ്ഥിതിക്ക് അർഹിക്കുന്ന അംഗീകാരങ്ങളും ഉദ്ദിഷ്ടസ്ഥാനലബ്ധിയും വന്നുചേരുമെന്ന് ഇതിനാൽ മനസ്സിലാവുന്നു. കാരാഗ്രഹവാസം അശേഷം താല്പര്യമില്ലാത്ത സ്ഥിതിക്ക് ഇനിയൊരിക്കൽ കൂടി നേരിൽ കാണാനിടയാവതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.

YouTube video player