അഞ്ച് വര്‍ഷത്തിന് ശേഷം കമല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം
കമലിന്‍റെ സംവിധാനത്തില്‍ ഷൈന്‍ ടോം ചാക്കോ നായകനായ വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രം കഴിഞ്ഞ വാരമാണ് പുറത്തെത്തിയത്. ഇപ്പോഴിതാ ചിത്രം കണ്ട ചില സ്ത്രീകള്‍ തനിക്ക് അയച്ച മെസേജുകളെക്കുറിച്ച് പറയുകയാണ് നടി മാല പാര്‍വതി. വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമ കണ്ട് ചില സ്ത്രീകളുടെ മെസേജുകൾ വന്നു. സമാനമായ അനുഭവങ്ങൾ ഉള്ള സുഹൃത്തുക്കൾ അവർക്കുണ്ട് എന്നാണ് മെസേജിൻ്റെ ഉള്ളടക്കം. പറയേണ്ട കഥ തന്നെയായിരുന്നു എന്ന്. വിളിച്ചവർക്കും മെസേജ് അയച്ചവർക്കും നന്ദി, മാല പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ മാല പാര്‍വതി അഭിനയിച്ചിട്ടുണ്ട്.
ഗുരുതരമായ പെരുമാറ്റ പ്രശ്നങ്ങളുള്ള കഥാപാത്രമാണ് ചിത്രത്തില്‍ ഷൈന്‍ ടോം അവതരിപ്പിക്കുന്ന വിവേകാനന്ദന്‍. അയാളോട് ബന്ധമുള്ള വിവിധ സ്ത്രീകളുടെ അനുഭവപരിസരത്ത് നിന്നാണ് കമല്‍ കഥ പറയുന്നത്. ചിത്രത്തിന്‍റെ കഥയും കമലിന്‍റേത് തന്നെയാണ്. അഞ്ച് വര്‍ഷത്തിന് ശേഷം കമല്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഷൈന്‍ ടോം ചാക്കോയുടെ നൂറാമത്തെ ചിത്രവുമാണ്. സ്വാസിക, ഗ്രേസ് ആൻ്റണി, മറീന മൈക്കിൾ എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോണി ആന്റണി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. മാജിക് ഫ്രെയിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.
