ആന്‍റോ ജോസഫിന്‍റെ പോസ്റ്റിലൂടെയാണ് പ്രേക്ഷകര്‍ വിവരം ആദ്യം അറിഞ്ഞത്

മമ്മൂട്ടിയുടെ രോഗസൗഖ്യ വാര്‍ത്തയില്‍ സന്തോഷം പങ്കുവച്ച് നടി മാലാ പാര്‍വതി. സോഷ്യല്‍ മീഡിയയിലൂടെയാണ് മാലാ പാര്‍വതിയുടെ കുറിപ്പ്. “ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും ശ്രുശൂഷിച്ച എല്ലാവവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം. അതെ. രാജാവ് തിരിച്ചുവരുന്നു. സന്തോഷം, നന്ദി. പ്രാര്‍ഥനകള്‍ക്ക് ഫലം ഉണ്ടായിരിക്കുന്നു”, എന്നാണ് മാലാ പാര്‍വതിയുടെ കുറിപ്പ്.

മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും മേക്കപ്പ് മാനുമായ എസ് ജോര്‍ജും ഇക്കാര്യം അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. “സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി!”, എന്നാണ് ജോര്‍ജിന്‍റെ പോസ്റ്റ്. മമ്മൂട്ടിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന നടന്‍ രമേശ് പിഷാരടിയും സന്തോഷം പങ്കുവച്ചിട്ടുണ്ട്. “എല്ലാം ഓകെ ആണ്” എന്നാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്. മമ്മൂട്ടിയുടേതും മമ്മൂട്ടിക്ക് ഒപ്പമുള്ളതുമായ പഴയ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ രോഗസൗഖ്യം സൂചിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ആദ്യം പോസ്റ്റ് പങ്കുവച്ചത് നിര്‍മ്മാതാവ് ആന്‍റോ ജോസഫ് ആയിരുന്നു. “ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി”, എന്നായിരുന്നു ആന്‍റോ ജോസഫിന്‍റെ പോസ്റ്റ്. ഇത് മമ്മൂട്ടിയുടെ രോഗസൗഖ്യം സംബന്ധിച്ച പോസ്റ്റ് ആണെന്ന് പ്രേക്ഷകര്‍ പെട്ടെന്നുതന്നെ ഊഹിച്ചെടുത്തു. മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് അറിയാനായതും ഈ വിവരമാണ്. പൊതുവേദിയിലേക്കുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍.

അതേസമയം മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാട്രിയറ്റ് എന്ന സിനിമയാണ് മമ്മൂട്ടിക്ക് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നത് ഈ ബിഗ് ബജറ്റ് സിനിമയുടെ പ്രത്യേകതയാണ്. ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ശ്രീലങ്കയും ദില്ലിയും ഉള്‍പ്പെടെ നിരവധി ലൊക്കേഷനുകള്‍ ഉള്ള ബിഗ് കാന്‍വാസ് ചിത്രമാണ് ഇത്. 80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും അഭിനയിക്കുന്നുണ്ട്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്ന ത്രില്ലർ ചിത്രമാണ് മമ്മൂട്ടിയുടേതായി അടുത്തതായി തിയറ്ററുകളില്‍ എത്തുക. വിനായകനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News