നടൻ മാധവ് സുരേഷ് വിദേശ പഠനകാലത്ത് താൻ ക്ലിനിക്കൽ ഡിപ്രഷനിലൂടെ കടന്നുപോയതായി വെളിപ്പെടുത്തി. അച്ഛൻ സുരേഷ് ഗോപിയുടെ സാമ്പത്തിക പിന്തുണയും നല്ല ജീവിത സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും, മാനസികമായ ബുദ്ധിമുട്ടുകൾ കാരണം പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ കഴിഞ്ഞിരുന്നില്ലെന്നും മാധവ് സുരേഷ് പറയുന്നു. Madhav suresh on Mental health, Clinical Depression 

ചുരുക്കം സില സിനിമകൾ കൊണ്ട് മലയാളത്തിൽ ശ്രദ്ധേയനായ നടനാണ് സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ്. പലപ്പോഴും ട്രോളുകളിൽ നിറയാറുള്ള മാധവ് സുരേഷ് അതിനോടെല്ലാം ആരോഗ്യപരമായി പ്രതികരണവും നടത്താറുണ്ട്. അങ്കം അട്ടഹാസം ആണ് മാധവിന്റെ ഏറ്റവും പുതിയ മലയാള ചിത്രം. സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, അന്ന രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സുജിത് എസ് നായർ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻറെ പ്രൊമോഷണൽ അഭിമുഖത്തിന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിനോട് മാധവ് സുരേഷ് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വിദേശ പഠന കാലത്ത് താൻ ക്ലിനിക്കൽ ഡിപ്രഷനിലായിരുന്നുവെന്നാണ് മാധവ് തുറന്നുപറഞ്ഞിരിക്കുന്നത്. അക്കാലത്ത് തനിക്ക് പണം തന്ന തന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് അച്ഛൻ തന്നെ ആയിരുന്നെന്നും ബെഡിൽ നിന്നും പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നെന്നും പറഞ്ഞ മാധവ് സുരേഷ് അന്ന് നല്ല ജീവിത സാ​ഹചര്യവും മൂന്ന് നേരം ഭക്ഷണവും എന്ത് സഹായത്തിനുമായി മാതാപിതാക്കാളും കൂടെയുണ്ടായിരുന്നെന്നും കൂട്ടിച്ചേർത്തു.

"ഞാൻ ഒരുപാട് ട്രാവലിങ് നടത്തിയിട്ടില്ല. ലണ്ടനിൽ പഠിച്ചിരുന്ന സമയത്ത് ബാത്ത് എന്നൊരു സ്ഥലമുണ്ട്. അവിടെ ഞാൻ പോയിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് പോയത്. ട്രെയിനിൽ പോയി രാത്രി മുഴുവൻ ആ പ്രദേശം കറങ്ങി നടന്ന് കണ്ട് പിറ്റേദിവസം തിരിച്ച് വന്നു. സ്കോട്ട്ലാന്റിലൊന്നും പോയിട്ടില്ല. നാല് വർഷത്തോളം അവിടെ ഉണ്ടായിരുന്നു. എന്നിട്ടും എവിടേയും ഞാൻ യാത്ര പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയാൽ ‌ട്രോൾ വരുത്തി വെക്കുന്നത് പോലെയാകും. മെന്റൽ ഹെൽത്ത് എന്നത് റിയലായ ഒന്നാണ്. നല്ല ജീവിത സാഹചര്യവുമുള്ളയാളും ഡിപ്രഷനിലേക്ക് പോകുന്നതിൽ ഒരു തെറ്റുമില്ല. അതുപോലെ ക്ലിനിക്കൽ ഡിപ്രഷനിലേക്ക് പോയ ഒരാളാണ് ഞാൻ. ക്ലിനിക്കലി വിഷാദരോ​ഗം എന്നിൽ കണ്ടെത്തിയിരുന്നു. കാര്യം എന്താണെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല." മാധവ് സുരേഷ് പറയുന്നു.

"ഒരു പരിധിയിൽ കൂടുതൽ സെൽഫ് റെസ്പെക്ട് കളഞ്ഞ് നിൽക്കുകയും നമ്മുടെ ശരീരത്തെ നമ്മൾ തന്നെ മാനസീകമായി പീഡിപ്പിക്കുകയും ചെയ്താൽ നമ്മുടെ ശരീരം നമ്മളെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കും. ഇത് കേൾക്കുമ്പോൾ ചിലർക്കെങ്കിലും കളിയാക്കാൻ തോന്നും. പക്ഷെ സത്യം പറയട്ടെ മാനസികാരോ​ഗ്യം എന്നത് സത്യമാണ്. നാല് വ​ർഷം ഞാൻ അവിടെ പഠിച്ചപ്പോൾ എന്റെ കാര്യങ്ങൾ നോക്കിയത് അച്ഛൻ തന്നെയാണ്. അല്ലാതെ അച്ഛൻ പണം തരാത‍െ ഇരുന്നിട്ടില്ല. പക്ഷെ എന്തുകൊണ്ടോ പുറത്തിറങ്ങി പോകാനോ സ്ഥലങ്ങൾ കാണാനോ ഒന്നും എനിക്ക് തോന്നിയിരുന്നില്ല. ബെഡ്ഡിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുണ്ട്. റോബോട്ടിക്ക് ലൈഫ് പോലെയാകും ആ സമയത്ത് ജീവിതം. അന്ന് നല്ല ജീവിത സാ​ഹചര്യവും മൂന്ന് നേരം ഭക്ഷണവും എന്ത് സഹായത്തിനുമായി മാതാപിതാക്കളുമെല്ലാം എനിക്ക് ഉണ്ടായിരുന്നു. എന്റെ പ്രശ്നങ്ങളല്ല ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമെന്നും എനിക്ക് അറിയാം. പക്ഷെ അന്ന് ഞാൻ അനുഭവിച്ചത് എനിക്ക് ഏറ്റവു വലിയ പ്രശ്നങ്ങൾ തന്നെയായിരുന്നു." മാധവ് സുരേഷ് കൂട്ടിച്ചേർത്തു.