ആദ്യ രണ്ട് ഭാഗങ്ങളുടെ വൻ വിജയത്തിന് ശേഷം, മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3-നായി പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. Drishyam 3, Mohanlal

മലയാളത്തിൽ പ്രേക്ഷകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3. ആദ്യ രണ്ട് ഭാഗത്തിന്റെയും വമ്പൻ വിജയത്തിന് ശേഷം മൂന്നാം ഭാഗമെത്തുമ്പോൾ ബോക്സ്ഓഫീസ് റെക്കോർഡുകൾ തകർക്കപ്പെടുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇന്ന് തുടങ്ങിയ ചിത്രത്തിൻറെ അഡ്വാൻസ് ബുക്കിങ്ങിൽ വലിയ മുന്നേറ്റമാണ് കാണാൻ കഴിയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യൽ ടിക്കറ്റ് ലോഞ്ചിനിടെ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. താൻ ആദ്യമായാണ് ടിക്കറ്റെടുത്ത് സിനിമ കാണാൻ പോകുന്നതെന്നാണ് മോഹൻലാൽ പറഞ്ഞത്. ടിക്കറ്റ് എടുത്ത് സിനിമയ്ക്ക് പോകേണ്ട സമയമായപ്പോഴേക്കും താൻ സിനിമയിലായി പോയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. "ആദ്യമായാണ് ടിക്കറ്റെടുത്ത് സിനിമ കാണാന്‍ പോകുന്നത്. പണ്ട് ടിക്കറ്റ് എടുത്ത് സിനിമയ്ക്ക് പോകേണ്ട സമയം ആയപ്പോഴേക്കും ഞാന്‍ സിനിമയിലായിപ്പോയി. പതിനേഴ് വയസില്‍ സിനിമയില്‍ വന്ന ആളാണ്." മോഹൻലാൽ പറഞ്ഞു.

അതേസമയം മോഹൻലാലിന്റേയും ജീത്തു ജോസഫിന്റെയും ദൃശ്യം 3 യിലുള്ള ആത്മവിശ്വാസം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ആദ്യ ദിനം തന്നെ പോസിറ്റിവ് അഭിപ്രായങ്ങൾ ലഭിച്ചാൽ ബോക്സോഫീസിലും ചിത്രം ചരിത്രം സൃഷ്ടിക്കുമെന്നുറപ്പാണ്. യു/എ 13+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ​ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.