ചെന്നൈയിലെ ശിവാജി ഗണേശന്‍റെ ബംഗ്ലാവിന്‍റെ ഒരു ഭാഗം ജപ്തി ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കോടതിയുടെ ഈ നടപടി.

ചെന്നൈ: തമിഴ് സിനിമ ഇതിഹാസം ശിവാജി ഗണേശന്‍റെ ചെന്നൈയിലെ ബംഗ്ലാവിന്‍റെ ഒരു ഭാഗം ജപ്തി ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്തെ പല ചരിത്ര മൂഹുര്‍ത്തങ്ങളും നടന്ന ഈ ബംഗ്ലാവ് ചെന്നൈയിലെ ടി നഗറിലെ ശിവാജി ഗണേശൻ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

ഒരു സ്വകാര്യ കമ്പനിയും അന്തരിച്ച ശിവാജി ഗണേശന്‍റെ ചെറുമകൻ ആർജി ദുഷ്യന്തും ഭാര്യ അഭിരാമി ദുഷ്യന്തും ഉൾപ്പെട്ട സാമ്പത്തിക തർക്കത്തിനിടയിലാണ് ഈ തീരുമാനം. മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് അബ്ദുൾ ഖുദ്ദോസ് ബംഗ്ലാവ് ജപ്തി ചെയ്യാന്‍ ഉത്തരവിട്ടത്. 

ധനബാക്കിയം എന്‍റര്‍പ്രൈസസില്‍ നിന്നും കടം വാങ്ങിയ തുകയിലാണ് കേസ്. 2023 ജൂലൈ 31 വരെ പലിശ അടക്കം ശിവാജിയുടെ കൊച്ചുമകന്‍റെ കുടുംബം 9.39 കോടി നല്‍കാനുണ്ട്. എന്നാല്‍ ഇതിനകം അടച്ച തുക മാറ്റി നിര്‍ത്തിയാല്‍ ആർജി ദുഷ്യന്തും ഭാര്യയും 2.75 കോടി നല്‍കാന്‍ സമ്മതിച്ചു.

2001-ൽ 72-ആം വയസ്സിൽ അന്തരിക്കും വരെ ശിവാജി ഗണേശന്‍ ചെന്നൈയുടെ ഹൃദയഭാഗത്തുള്ള ഈ ബംഗ്ലാവിലാണ് താമസിച്ചിരുന്നത്.

തുടക്കത്തിൽ, മൈലാപ്പൂർ ആസ്ഥാനമായുള്ള സ്വകാര്യ ധനകാര്യ സ്ഥാപനവും ദുഷ്യന്തും ഭാര്യയും പ്രതിനിധീകരിക്കുന്ന ഇശന്‍ പ്രൊഡക്ഷൻസും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ മദ്രാസ് ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിയായ ജസ്റ്റിസ് ടി രവീന്ദ്രനെ മധ്യസ്ഥനായി നിയമിച്ചിരുന്നു. 2017 ഡിസംബർ 22-ന് ജഗജാല കില്ലാഡി എന്ന ചിത്രത്തിന്‍റെ നിര്‍മ്മാണത്തിനാണ് തുക വാങ്ങിയത്. 

അന്നത്തെ സെറ്റില്‍മെന്‍റ് പ്രകാരം ഒരു തുകയ്ക്ക് പുറമേ സിനിമയുടെ അവകാശങ്ങള്‍ വിറ്റ് ധനകാര്യ സ്ഥാപനത്തിന് പണം കണ്ടെത്താം എന്നാണ് മധ്യസ്ഥന്‍ പറഞ്ഞത്. എന്നാല്‍ സിനിമയുടെ അവകാശങ്ങള്‍ വില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ അല്ലെന്ന് കണ്ടതോടെയാണ് ധനകാര്യ സ്ഥാപനം വീണ്ടും കോടതിയില്‍ എത്തിയത്. 

ഇതോടെയാണ് ശിവാജി ഗണേശന്‍റെ പരമ്പര സ്വത്തായി ലഭിച്ച ബംഗ്ലാവിന്‍റെ 440 സ്വകയര്‍ ഫീറ്റ് ജപ്തി ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്.