ചെന്നൈ: നടി അമലാ പോളിനൊപ്പമുള്ള ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മുംബൈ സ്വദേശിയായ സംഗീതജ്ഞൻ ഭവനീന്ദർ സിംഗിനെ വിലക്കി മദ്രാസ് ഹൈക്കോടതി. അമലാ പോളിന്‍റെ മുൻ സുഹൃത്തായിരുന്നു ഭവനീന്ദർ സിംഗ്. ഈ വർഷം മാർച്ചിൽ എടുത്ത ചില ചിത്രങ്ങൾ ഭവനീന്ദർ സിംഗ് പുറത്തുവിട്ടതോടെ അമലയുടെയും ഭവനീന്ദറിന്‍റെയും വിവാഹം കഴിഞ്ഞെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാൽ, ഇത് തന്നെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും, താനുമൊന്നിച്ചുള്ള ചിത്രങ്ങൾ ഭവനീന്ദർ പുറത്തുവിടുന്നത് തനിക്ക് അപകീർത്തികരമാണെന്നും കാണിച്ച്, അമല നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. 

പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചുള്ള ഇരുവരുടെയും ചിത്രങ്ങളാണ് ഭവനീന്ദർ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. കുറച്ച് സമയത്തിന് ശേഷം ഭവനീന്ദർ ഈ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തെങ്കിലും ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായി. 

എന്നാൽ ഇത് ഒരു പ്രൊഫഷണൽ ആവശ്യത്തിനായി എടുത്ത ചിത്രങ്ങളാണെന്നും, അതിനെ ഭവനീന്ദർ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും, അമല ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇരുവരും ഒന്നിച്ചുനിൽക്കുന്ന ഒരു ഫോട്ടോ പോലും ഇനി ഭവനീന്ദർ പ്രസിദ്ധീകരിക്കരുതെന്നും, അമല ഹർജിയിൽ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

2018-ൽ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംവിധായകനായ എ എൽ വിജയിനെ വിവാഹം ചെയ്ത അമല പിന്നീട്, രണ്ട് വർഷത്തിന് ശേഷം അദ്ദേഹത്തിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. 

തമിഴ് ചിത്രമായ ആടൈ ആയിരുന്നു അമലയുടെ ഏറ്റവുമൊടുവിലത്തെ ചിത്രം. 'അതോ അന്ത പറവൈ പോല', കഡാവർ എന്നിവയാണ് അമലയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രങ്ങൾ. മലയാളം ചിത്രമായ 'ആടുജീവിതവും' റിലീസ് കാത്തിരിക്കുന്നു. നെറ്റ്ഫ്ലിക്സ് ചിത്രമായ ലസ്റ്റ് സ്റ്റോറീസിന്‍റെ തെലുഗു റീമേക്കിലും അമല അഭിനയിക്കുന്നുണ്ട്.