Asianet News MalayalamAsianet News Malayalam

'പണക്കാര്‍ എന്തിനാണ് നികുതിയിളവ് തേടി കോടതിയെ സമീപിക്കുന്നത്'? ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം

യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്‍ത റോള്‍സ് റോയ്‍സ് കാറിന്‍റെ പ്രവേശന നികുതിയില്‍ ഇളവ് തേടിയാണ് ധനുഷ് 2015ല്‍ കോടതിയെ സമീപിച്ചത്

madras high court criticizes actor dhanush for tax exemption plea
Author
Thiruvananthapuram, First Published Aug 5, 2021, 1:03 PM IST

ചെന്നൈ: ഇറക്കുമതി ചെയ്‍ത ആഡംബര കാറിന് നികുതിയിളവ് തേടി സമീപിച്ച നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പണക്കാര്‍ എന്തിനാണ് നികുതിയിളവ് തേടി കോടതികളെ സമീപിക്കുന്നതെന്ന് ചോദിച്ച ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം 50 രൂപയ്ക്ക് പെട്രോള്‍ അടിയ്ക്കുന്ന പാവപ്പെട്ടവര്‍ വരെ നികുതി അടയ്ക്കുന്നുവെന്നും അവരൊന്നും ഇളവ് തേടി കോടതികളെ സമീപിക്കുന്നില്ലെന്നും നിരീക്ഷിച്ചു. ആഡംബര കാറിന് പ്രവേശന നികുതിയിളവ് തേടി താന്‍ 2015ല്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാനുള്ള ധനുഷിന്‍റെ അപേക്ഷ തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം.

"നിങ്ങളുടെ ഉദ്ദേശം സത്യസന്ധമാണെങ്കില്‍ സുപ്രീം കോടതി വിഷയം തീര്‍പ്പാക്കിയ 2018ന് ശേഷമെങ്കിലും നികുതി അടയ്ക്കണമായിരുന്നു. പക്ഷേ ഹൈക്കോടതി പഴയ ഹര്‍ജി ലിസ്റ്റ് ചെയ്യുന്ന സമയത്ത് നിങ്ങള്‍ അത് പിന്‍വലിക്കണമെന്ന അപേക്ഷയുമായി എത്തുകയാണ്. നികുതിദായകരുടെ പണമുപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡിലൂടെയാണ് നിങ്ങള്‍ ആഡംബര കാര്‍ ഓടിക്കാന്‍ പോകുന്നത്. ഒരു പാല്‍ കച്ചവടക്കാരനും ദിവസവേതനക്കാരനുമൊക്കെ ഓരോ ലിറ്റര്‍ പെട്രോളിനും നികുതി അടയ്ക്കുന്നുണ്ട്. അതില്‍ നിന്ന് മുക്തരാക്കണമെന്ന ആവശ്യവുമായി അവരാരും കോടതിയെ സമീപിക്കുന്നില്ല. എത്ര കാര്‍ വാങ്ങിയാലും അത്ര കാറിനും നികുതി അടയ്ക്കാന്‍ തയ്യാറാവണം. നിങ്ങള്‍ ഹെലികോപ്റ്റര്‍ വേണമെങ്കിലും വാങ്ങിക്കോളൂ. പക്ഷേ കൃത്യമായി നികുതി അടയ്ക്കണം. അത് നീട്ടിക്കൊണ്ടുപോകരുത്. കോടതിയെ സമീപിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ സുപ്രീം കോടതിയുടെ തീര്‍പ്പ് വന്ന 2018നു ശേഷമെങ്കിലും നികുതിയടച്ച്, ഹര്‍ജി നിങ്ങള്‍ പിന്‍വലിക്കണമായിരുന്നു", ജസ്റ്റിസ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു.

വെക്സേഷന്‍ ലിറ്റിഗേഷന്‍ ആക്റ്റിനെക്കുറിച്ച് അറിയാമോ എന്നും കോടതി ചോദിച്ചു. "ഇത്തരത്തിലുള്ള തീര്‍പ്പാക്കാത്ത ഹര്‍ജികള്‍ കാരണം സത്യസന്ധമായ പരാതികള്‍ കേള്‍ക്കാനായി ഹൈക്കോടതിക്ക് സമയം ലഭിക്കുന്നില്ല", ജസ്റ്റിസ് സുബ്രഹ്മണ്യം പറഞ്ഞു. അവശേഷിക്കുന്ന നികുതി അടയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്‍ത റോള്‍സ് റോയ്‍സ് കാറിന്‍റെ പ്രവേശന നികുതിയില്‍ ഇളവ് തേടിയാണ് ധനുഷ് 2015ല്‍ കോടതിയെ സമീപിച്ചത്. 50 ശതമാനം നികുതി അടച്ചെന്നും അവശേഷിക്കുന്ന നികുതി അടയ്ക്കാന്‍ തയ്യാറാണെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍പ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കാനായി ധനുഷിന്‍റെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. 

സമാന ആവശ്യം ഉന്നയിച്ച് സമീപിച്ച നടന്‍ വിജയ്‍യെയും മദ്രാസ് ഹൈക്കോടതി അടുത്തിടെ വിമര്‍ശിച്ചിരുന്നു. ഇറക്കുമതി ചെയ്‍ത റോള്‍സ് റോയ്‍സ് കാറിന്‍റെ പ്രവേശന നികുതിയിൽ ഇളവ് തേടി വിജയ് നൽകിയ ഹർജി തള്ളിക്കൊണ്ട് സിംഗിൾ ബെഞ്ച് ഒരു ലക്ഷം രൂപ പിഴയിട്ടിരുന്നു. സിനിമയിലെ ഹീറോ ജീവിതത്തിൽ 'റീൽ ഹീറോ' ആയി മാറരുതെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ സിംഗിള്‍ ബെഞ്ച് ഉത്തരവിന് പിന്നീട് ഡിവിഷന്‍ ബെഞ്ചിന്‍റെ താല്‍ക്കാലിക സ്റ്റേ ലഭിച്ചു. അതേസമയം പ്രവേശന നികുതിയുടെ 80 ശതമാനം ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നും രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. സിംഗിള്‍ ബെഞ്ചിന്‍റെ പരാമര്‍ശം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും അപ്പീലില്‍ വിജയ് ആവശ്യപ്പെട്ടിരുന്നു. പ്രവേശന നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടതിനെയല്ല തന്‍റെ കക്ഷി ചോദ്യം ചെയ്യുന്നതെന്നും മറിച്ച് കോടതിയുടെ 'കഠിന' പരാമര്‍ശങ്ങളാണ് അതിന് വഴിവച്ചതെന്നും അഭിഭാഷകന്‍ വാദിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios