‘ബിഗിൽ’ എന്ന ചിത്രത്തിന്‍റെ തിരക്കഥ മോഷ്ടിച്ചെന്ന കേസിൽ സംവിധായകൻ ആറ്റ്‌ലിക്കും നിർമ്മാതാക്കളായ എജിഎസിനും മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. 

ചെന്നൈ: നടൻ വിജയ് നായകനായ 'ബിഗിൽ' എന്ന ചിത്രത്തിന്‍റെ തിരക്കഥ മോഷ്ടിച്ചെന്ന കേസിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആറ്റ്‌ലിക്കും ചിത്രം നിര്‍മ്മിച്ച എജിഎസ് എന്‍റര്‍ടെയ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിനും, എക്‌സിക്യൂട്ടീവ് ഡയറക്ടർ അർച്ചന കൽപാത്തിക്കും (സെപ്റ്റംബർ 3 ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. വ്യാഴാഴ്ച റിലീസായ വിജയ് ചിത്രം ഗോട്ടും നിര്‍മ്മിച്ചത് എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ്. 

തിരക്കഥാകൃത്ത് അംജത് മീരൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ എം.സുന്ദറും ആർ.ശക്തിവേലും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചത്. 2019-ൽ ‘ബിഗിൽ’പുറത്തിറങ്ങിയപ്പോള്‍ ചിത്രത്തിന്‍റെ തിരക്കഥ തന്‍റെതാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തിരുന്നതായി ഹരജിക്കാരൻ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. 

അറ്റ്ലിയും എജിഎസും തന്‍റെ തിരക്കഥ മോഷ്ടിച്ചെന്നും. ഇതുമൂലം തനിക്കുണ്ടായ നഷ്ടം കണക്കാക്കി തരുവാന്‍ അഭിഭാഷക കമ്മീഷനെ വയ്ക്കണം എന്നാണ് തിരക്കഥാകൃത്ത് അംജത് മീരന്‍റെ ആവശ്യം. 

‘ബിഗിൽ’ നിർമ്മിക്കാൻ താൻ എഴുതിയ ‘ബ്രസീൽ’ എന്ന തിരക്കഥ മോഷ്ടിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ട ഹർജിക്കാരൻ, കോടതി നിർണ്ണയിക്കുന്ന നഷ്ടപരിഹാരത്തിന് പുറമെ പ്രാരംഭ നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകാനും പ്രതികളോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഈ കോപ്പിയടി ആരോപണം കെട്ടിച്ചമച്ച മൊഴികളോടെയാണ് പരാതിക്കാരൻ ഫയൽ ചെയ്തതെന്ന് ആരോപിച്ച് എതിർ സത്യവാങ്മൂലം സംവിധായകന്‍ അറ്റ്‌ലി സമർപ്പിച്ചിട്ടുണ്ട്. തന്നിൽ നിന്ന് പണം തട്ടാൻ വേണ്ടി മാത്രമാണ് ഈ കേസ് എന്നാണ് അറ്റ്ലി ആരോപിച്ചു.

2018 ജൂലൈ 4-ന് ദക്ഷിണേന്ത്യൻ ഫിലിം റൈറ്റേഴ്‌സ് അസോസിയേഷനിൽ 65 പേജുള്ള 'ബിഗിൽ' സ്‌ക്രിപ്റ്റ് രജിസ്റ്റർ ചെയ്തതായും തുടർന്ന് 2018 ഒക്ടോബർ 4-ന് ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് തിരക്കഥയും സംഭാഷണങ്ങളും അടങ്ങിയ 242 പേജുള്ള വിശദമായ സ്‌ക്രിപ്റ്റ് രജിസ്റ്റർ ചെയ്തതായും അറ്റ്‌ലി എതിർ സത്യവാങ്മൂലത്തില്‍ പറയുന്നു. 

ദളപതി, ഇളയദളപതി വിളയാട്ടം: വിജയ് ചിത്രം ഗോട്ട് റിവ്യൂ

70 കോടി ബജറ്റ് പടം, നേടിയത് വെറും 9 കോടി: നായകനും, സംവിധായകനും പ്രതിഫലം തിരിച്ചുകൊടുത്തു