മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ്  രാജ്പുതിന്‍റെ  മരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന്  മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. സിബിഐ അന്വേഷണം വേണമെന്ന് അമിത്ഷായോട് അഭ്യര്‍ഥിച്ച് സുശാന്തിന്റെ മുന്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അനില്‍ ദേശ്മുഖിന്റെ പ്രതികരണം.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പൊലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്.  കേസ്   അന്വേഷിക്കാന്‍ മുംബൈ പൊലീസിന് കഴിവുണ്ടെന്നും അനില്‍ ദേശ്മുഖ് പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണത്തിനുള്ള സാധ്യതയും അദ്ദേഹം തള്ളികളഞ്ഞു. ബിസിനസ് പരമായ വൈരാഗ്യത്തെ സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ്  സുശാന്തിന്റെ  മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റിയ ചക്രവര്‍ത്തി  രംഗത്തെത്തിയത്. സുശാന്തിന്‍റെ പൊടുന്നനെയുള്ള വിയോഗം സംഭവിച്ചിട്ട് ഒരു മാസം പിന്നിടുന്നുവെന്നും അദ്ദേഹത്തെ ഈ വഴി സ്വീകരിക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തിയത് എന്താണെന്ന് തനിക്കറിയണമെന്നും റിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ അമിത് ഷായെ ടാഗ് ചെയ്‍തുകൊണ്ടാണ് കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യവും റിയ മുന്നോട്ടുവച്ചിരിക്കുന്നത്.