കമോൻഡ്ര മഹേഷെ..; 'ജയിലർ പോരി'ൽ ഗംഭീര തിരിച്ചുവരവ് നടത്തി മഹേഷ് കുഞ്ഞുമോൻ
മൂന്ന് മാസങ്ങൾക്ക് ശേഷം തന്റെ യുട്യൂബ് ചാനലിൽ പുതിയ വീഡിയോ മഹേഷ് കുഞ്ഞുമോൻ
പങ്കുവച്ചു.

അനുകരണ കലയിലൂടെ മലയാളികൾക്ക് സുപരിചിതനായ ആളാണ് മഹേഷ് കുഞ്ഞുമോൻ. പ്രമുഖരായ നിരവധി പേരെ അനുകരിച്ച് കയ്യടി നേടിയ മഹേഷിന് രണ്ട് മാസങ്ങൾക്ക് മുൻപ് ഒരു അപകടം സംഭവിച്ചിരുന്നു. കൊല്ലം സുധിയുടെ ജീവനെടുത്ത അപകടത്തിൽ പരിക്ക് പറ്റി, ആശുപത്രിയിൽ ആയിരുന്ന മഹേഷ് നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. രണ്ട് മാസത്തോളം നീണ്ടുനിന്ന ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഹേഷ് ഇപ്പോൾ.
മൂന്ന് മാസങ്ങൾക്ക് ശേഷം തന്റെ യുട്യൂബ് ചാനലിൽ പുതിയ വീഡിയോ മഹേഷ് കുഞ്ഞുമോൻ
പങ്കുവച്ചു. രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ജയിലറുമായി ബന്ധപ്പെടുത്തിയാണ് മഹേഷ് താരങ്ങളെ അനുകരിച്ചിരിക്കുന്നത്. ബാല, ആറാട്ടണ്ണൻ, വിനായകൻ എന്നിവരെ പഴയ പ്രസരിപ്പോടെ മഹേഷ് അവതരിപ്പിക്കുന്നത് കണ്ട് നിറഞ്ഞ കയ്യടിയോടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് മലയാളികൾ. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ഒരു ശസ്ത്രക്രിയ കൂടി ഇനി ബാക്കി ഉണ്ടെന്നും മഹേഷ് വീഡിയോയുടെ തുടക്കത്തിൽ പറയുന്നുണ്ട്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. "ഈ കഴിവ് ഒരു അപകടതിനും കൊണ്ട് പോകാൻ കഴിയില്ല.. കമോൻഡ്ര മഹേഷെ,മിമിക്രിയിൽ എതിരാളികൾ ഇല്ലാത്ത രാജാവേ.. നിങ്ങളില്ലാതെ എന്ത് ഓണം മലയാളികൾക്ക്, മിമിക്രിയെക്കാളും മഹേഷിനെ പഴയതു പോലെ കണ്ടപ്പോൾ സന്തോഷം തോന്നി, തിരിച്ചുവരവിൽ ഒരുപാട് സന്തോഷം മഹേഷ്. എല്ലാം പഴയതിനേക്കാൾ അടിപൊളി ആവും,കഴിവൊന്നും എവിടെയും പോയിട്ടില്ല, മഹേഷിന്റെ ഗംഭീര തിരിച്ചു വരവ്", എന്നിങ്ങനെ പോകുന്നു കമന്റുകൾ.
നരേനൊപ്പം മീരാ ജാസ്മിനും; 'ക്യൂൻ എലിസബത്തി'ലെ മനോഹര മെലഡി എത്തി
ജൂണ്‍ അഞ്ചിനാണ് കൊല്ലം സുധിയുടെ അകാല വിയോഗത്തിന് കാരണമായ അപകടം നടന്നത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..