സംവിധായകൻ മഹേഷ് നാരായണൻ 'ബോംബെ ഹൈ' എന്ന പേരിൽ പുതിയ ചിത്രം ഒരുക്കുന്നു

മലയാള സിനിമയിലെ യുവനിര സംവിധായകരില്‍ ശ്രദ്ധേയ സാന്നിധ്യങ്ങളിലൊന്നാണ് മഹേഷ് നാരായണന്‍. ചുരുക്കം ചിത്രങ്ങളിലൂടെ ബിഗ് സ്ക്രീനില്‍ തന്‍റേതായ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട് അദ്ദേഹം. മഹേഷിന്‍റെ എല്ലാ ചിത്രങ്ങളും കേവല കാഴ്ചയക്ക് പകരം കാണികളുടെ സജീവ പങ്കാളിത്തം ആവശ്യപ്പെടുന്നവയാണ്. ഡയറക്റ്റ് ഒടിടി റിലീസുകളും തിയട്രിക്കല്‍ റിലീസുകളും അക്കൂട്ടത്തിലുണ്ട്. തിയറ്ററുകളില്‍ മികച്ച വിജയം നേടിയവയും അത്രത്തോളം വിജയം നേടാതെ പോയവയുമുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച പേട്രിയറ്റ് ആയിരുന്നു അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ എത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ അടുത്തതായി എത്തുന്ന ചിത്രത്തെ സംബന്ധിച്ച ചില റിപ്പോര്‍ട്ടുകളും എത്തിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ് എന്ന, മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ജീവിതത്തെക്കുറിച്ചുള്ള, തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ഡോക്യുമെന്‍ററിയുടെ നിര്‍മ്മാതാവ് രവി ഭാഗ്ചന്ദ്ക നിര്‍മ്മിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം 2025 ഒക്ടോബറില്‍ പ്രഖ്യാപിക്കപ്പെട്ടതാണ്. ബോംബെ ഹൈ എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിന്‍റെ തിരക്കഥാ രചന സംബന്ധിച്ച ചര്‍ച്ചകളിലേക്ക് തങ്ങള്‍ ഉടന്‍ കടക്കുമെന്നും നാലഞ്ച് മാസത്തിനുള്ളില്‍ തിരക്കഥ പൂര്‍ത്തിയാക്കി കാസ്റ്റിംഗിലേക്ക് കടക്കുമെന്നുമാണ് ഏറ്റവും പുതിയ അഭിമുഖത്തില്‍ രവി ഭാഗ്ചന്ദ്ക അറിയിച്ചിരിക്കുന്നത്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മുംബൈ തീരത്തുനിന്നും 160 കി.മീ. ദൂരത്തുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ഓയില്‍ ഫീല്‍ഡ് ആയ ബോംബെ ഹൈയില്‍ (ഇപ്പോള്‍ മുംബൈ ഹൈ) 2005 ല്‍ നടന്ന അപകടം പശ്ചാത്തലമാക്കുന്ന ചിത്രമാണ് ഇത്. ചുരുങ്ങിയത് 22 പേര്‍ മരണപ്പെട്ടുവെന്ന് കണക്കാക്കുന്ന അപകടമാണ് ഇത്. ഡിസാസ്റ്റര്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാവും മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ എത്തുക. കരണ്‍ പരംജീത് ശര്‍മ്മയാണ് ചിത്രത്തിന്‍റെ സ്റ്റോറി കോണ്‍സെപ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. മാലിക് തനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണെന്നും അത് കണ്ടാണ് ഈ ചിത്രം ചെയ്യാനായി മഹേഷ് നാരായണനെ സമീപിച്ചതെന്നും രവി ഭാഗ്ചന്ദ്ക പറയുന്നു. ബോംബെ ഹൈ അപകടം മാധ്യമങ്ങളില്‍ വ്യാപകമായി കവര്‍ ചെയ്യപ്പെട്ട സംഭവമായിരുന്നെങ്കിലും ഇനിയും അതില്‍ ഉള്‍പ്പെട്ട മനുഷ്യരുടെ കഥകള്‍ അങ്ങനെ പറയപ്പെട്ടിട്ടില്ലെന്നതാണ് ഇത്തരം ഒരു ചിത്രം ചെയ്യാന്‍ നിര്‍മ്മാതാവിനെ പ്രേരിപ്പിക്കുന്നത്.

അതേസമയം മഹേഷ് നാരായണന്‍റെ ബോളിവുഡ് അരങ്ങേറ്റം എന്ന നിലയില്‍ 2021 ല്‍ മറ്റൊരു ചിത്രം പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഫാന്‍റം ഹോസ്പിറ്റല്‍ എന്ന് പേരിട്ടിരുന്ന പ്രോജക്റ്റിനെക്കുറിച്ച് പക്ഷേ പിന്നീട് അപ്ഡേറ്റുകളൊന്നും എത്തിയിട്ടില്ല.

Asianet News Live | Malayalam Live News | Kerala News Updates | ഏഷ്യാനെറ്റ് ന്യൂസ്