ദില്ലിയിലെ പ്രതിഷേധത്തിൽ കൃത്യമായ നിലപാട് പ്രഖ്യാപിച്ച ജാൻമണിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ നിറയുകയാണ്.

അസമില്‍ നിന്ന് കേരളത്തിലെത്തി ഇന്ന് സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റുകളിൽ മുൻനിരയിൽ നിൽക്കുന്നവരിലൊരാളാണ് ജാന്‍മണി ദാസ്. മലയാള സിനിമാരംഗത്തും വിനോദമേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ജാന്‍മണിക്ക് സാധിച്ചിട്ടുണ്ട്. മുൻനിര അഭിനേതാക്കളടക്കം പലര്‍ക്കും ജാൻമണി മേക്കപ്പ് ചെയ്തിട്ടുമുണ്ട്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടക്കുന്ന പ്രതിഷേധത്തിൽ അവതാരക രഞ്ജിനി ഹരിദാസിനൊപ്പം ജാൻമണിയും പങ്കെടുത്തിരുന്നു. ഇതേക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ജാൻമണി. ''ഡൽഹിയിൽ പോയി ഞാൻ വലുതായി ഒന്നും ചെയ്തിട്ടില്ല. എന്റെ വൺ പെർസന്റേജ് കാര്യം മാത്രമേ ചെയ്തുള്ളൂ. പോയി എന്റെ സാന്നിധ്യവും പിന്തുണയും അറിയിച്ചുവെന്ന് മാത്രം'', എന്നായിരുന്നു ജാൻമണിയുടെ പ്രതികരണം.

കേരളത്തിൽ ജീവിക്കുന്നതിൽ താൻ വളരെയധികം സന്തോഷവതിയാണെന്നും ജാൻമണി പറയുന്നു. ''മലയാളിയായതിൽ അഭിമാനിക്കുന്നു. ഞാൻ ഇവിടെ ജനിച്ചില്ലെന്ന് മാത്രമേയുള്ളു. പക്ഷേ ഇവിടെയാണ് താമസിക്കുന്നത്. ഇവിടുത്തെ ഭക്ഷണമാണ് കഴിക്കുന്നത്. കേരളത്തിൽ ജീവിക്കുന്നതിൽ ഞാൻ ഭയങ്ക ഹാപ്പിയാണ്. അതുകൊണ്ട് ആരും എന്നോട് സോറി പറയണ്ട. എന്നെ ട്രോളുന്നവരോട്... നിങ്ങൾ അത് നിർത്തരുത്. അതില്ലാതെ ഞാൻ എങ്ങനെ ജീവിക്കും. മുമ്പ് ട്രോളിയതിന് ആരും എന്നോട് മാപ്പ് പറയേണ്ട. അച്ഛനും അനിയനും എന്റെ കുടുംബാംഗങ്ങളുമെല്ലാം എന്നെ ട്രോളാറുണ്ട്. എനിക്ക് ഇനിയും ട്രോൾ വേണം. സ്വന്തമായി കരുതുന്ന ആളുകൾക്കിടയിൽ സോറിയുടേയും താങ്ക്യുവിന്റെയും ഒന്നും ആവശ്യമില്ല'', ജാൻമണി പറഞ്ഞു.

അതിനിടെ, ദില്ലിയിലെ പ്രതിഷേധത്തിൽ കൃത്യമായ നിലപാട് പ്രഖ്യാപിച്ച ജാൻമണിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ നിറയുകയാണ്. ജാൻമണിയോട് വലിയ സ്നേഹം തോന്നുന്നുവെന്നും കളിയാക്കിയവരെക്കൊണ്ടു തന്നെ കയ്യടിപ്പിച്ചെന്നും പലരും കുറിക്കുന്നു. കുറേ കളിയാക്കിയിട്ടുണ്ടെങ്കിലും ഇപ്പോൾ ജാൻമണിയോട് വലിയ ബഹുമാനം തോന്നുവെന്നും ചിലർ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക