കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി നടി ജ്യോതിക രംഗത്ത്. മന്ത്രിയെ മാറ്റില്ലെന്ന നിലപാടിലാണ് സർക്കാർ, എന്നാൽ രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി മുന്നറിയിപ്പ് നൽകി.
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിലും വിദ്യാർത്ഥികളുടെ പ്രതിഷേധത്തിലും പിന്തുണ പ്രഖ്യാപിച്ച് നടി ജ്യോതിക. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ച് സ്ഥാനമൊഴിയണം. താൻ രാജ്യത്തെ വിദ്യാർത്ഥികൾക്കൊപ്പവും ഭാവിക്കൊപ്പവും നിൽക്കുന്നു. ഞാൻ ഉത്തരവാദിത്തത്തിനും ജനാധിപത്യ ഇന്ത്യക്കും പരിഷ്കരിച്ച വിദ്യാഭ്യാസ സമ്പ്രദായത്തിനും ഒപ്പം നിൽക്കുന്നു. എന്ന് ജ്യോതിക തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. സോനം വാങ്ചുക്, അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവരെയും ജൻ സി തലമുറയെയും പ്രശംസിച്ച ജ്യോതിക, ഒരു അമ്മയെന്ന നിലയിൽ തങ്ങളുടെ കുട്ടികളെ നിങ്ങളെപ്പോലെ വളർത്താനാണ് ആഗ്രഹിക്കുന്നതെന്നും, നാം ആണ് ഇന്ത്യ എന്ന് തെളിയിച്ചതിനും ഭയമില്ലാത്തവരാക്കിയതിനും സിജെപിക്ക് നന്ദി അറിയിക്കുന്നതായും കൂട്ടിച്ചേർത്തു.
അതേസമയം, ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നാണ് സൂചന ലഭിക്കുന്നത്. മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉച്ചയ്ക്കുള്ള ചർച്ചയിൽ സിജെപിയെ കേന്ദ്രസർക്കാർ അറിയിക്കും. പ്രധാനെ മാറ്റുന്നത് കൂടുതൽ സമരങ്ങൾക്ക് വഴിവെക്കുമെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. എന്നാൽ രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും 24 മണിക്കൂറിനുള്ളിൽ പാർലമെൻ്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

സിജെപി പ്രതിനിധികളുമായുള്ള കേന്ദ്രസർക്കാരിൻ്റെ നിർണായക ചർച്ച ഉച്ചയ്ക്ക് നടക്കും. പ്രതിഷേധങ്ങൾക്കിടെ, അതേസമയം ഡൽഹിയിലെ ജന്തർ മന്ദറിൽ സുരക്ഷ ശക്തമാക്കുകയും കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കരുതൽ നടപടികളുടെ ഭാഗമായി 18 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടും.


