അമ്മയുടെ തലപ്പത്തേയ്‍ക്ക് അൻസിബ വരണമെന്ന് നടി മാല പാര്‍വതി.
താര സംഘടനയായ അമ്മയുടെ തലപ്പത്തേയ്‍ക്ക് അൻസിബ വരണമെന്ന് നടി മാല പാര്‍വതി. അമ്മയെ യുവാക്കള്‍ നയിക്കട്ടെ. ഭരണ സമിതിക്കു കൃത്യനിർവഹണത്തിൽ വീഴ്‍ചയുണ്ടായി. അൻസിബ യോഗത്തിൽ വ്യക്തമായി സംസാരിച്ചതിന് ശേഷം, രണ്ടഭിപ്രായം ഉള്ളവർ ഒന്നായി. അൻസിബയുടെ ചോദ്യങ്ങൾക്ക് ശ്വേതയ്ക്ക് ഉത്തരം ഉണ്ടായില്ല എന്നും മാല പാര്‍വതി പറഞ്ഞു.
ഇന്നലെ വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെ അമ്മയുടെ ഭരണസമിതി രാജിവെച്ചിരുന്നു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചു. തുടർന്ന് അമ്മയിൽ വീണ്ടും അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിരുന്നു. പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചത്. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ നടൻ ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പിഷാരടിയെ അഡ്ഹോക്ക് കമ്മിറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. മുൻ മന്ത്രി ഗണേഷ് കുമാറടക്കം അഡ്ഹോക്ക് കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. നാല് മാസമാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ കാലാവധി. അതിനകം പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് താര സംഘടന കടക്കും.
ഇന്നലെ രാവിലെ തുടങ്ങിയ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിക്കുകയായിരുന്നു. യോഗത്തിനിടെ സ്റ്റേജിൽ കയറിയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും എന്നാൽ തന്നെ ബി ജെ പിക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും കടുത്ത അമർഷത്തോടെ വെളിപ്പെടുത്തി. തുടർന്ന് സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ചേർന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവെച്ചത്.
ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തി. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രണ്‍ജി പണിക്കരും വ്യക്തമാക്കിയതോടെയാണ് യോഗം കലുഷിതമായത്. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്‍റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. തർക്കത്തെത്തുടർന്ന് ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നതിനിടെയാണ് ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചത്.
