വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി നടി മാല പാര്‍വതി.ദുരനുഭവങ്ങള്‍ നേരിട്ടാൽ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നാണ് താൻ ചൂണ്ടികാട്ടിയതെന്നും അതിനുശേഷം വേണം ഇന്‍റണേൽ കമ്മിറ്റിയെ അടക്കം സമീപിക്കാനെന്നും മാല പാര്‍വതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊച്ചി: വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി നടി മാല പാര്‍വതി. ദുരനുഭവങ്ങള്‍ നേരിട്ടാൽ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നാണ് താൻ ചൂണ്ടികാട്ടിയതെന്നും അതിനുശേഷം വേണം ഇന്‍റണേൽ കമ്മിറ്റിയെ അടക്കം സമീപിക്കാനെന്നും മാല പാര്‍വതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോക്കെതിരെ നൽകിയ പരാതിയുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമര്‍ശം.
സിനിമ രംഗത്തെ മോശം അനുഭവങ്ങൾ മിടുക്കോടെ മാനേജ് ചെയ്യാൻ നടിമാർക്ക് സ്‌കിൽ വേണമെന്നായിരുന്നു മാല പാര്‍വതി അഭിമുഖത്തിൽ പറഞ്ഞത്. ഇതിലാണ് വിശദീകരണവുമായി നടി രംഗത്തെത്തിയത്. ദുരനുഭവങ്ങൾ നേരിട്ടാൽ നടിമാർ ഉടൻ പ്രതികരിക്കണം എന്നാണ് ഉദ്ദേശിച്ചത്. സെറ്റിൽ നേരിട്ട അപമാനം വിൻസി മനസിൽ കൊണ്ട് നടക്കാതെ അപ്പോൾ തന്നെ പ്രതികരിക്കണമായിരുന്നു എന്നും മാല പാർവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പെണ്‍പിള്ളേര് ഇത്തരം കാര്യങ്ങളിൽ എന്തിനാണ് പേടിക്കുന്നത്?. താൻ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് തനിക്കെതിരെ പറയുന്നത്. സ്വപ്നത്തിൽ പോലും താൻ ചിന്തിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പറയുന്നത്. പൊതുമധ്യത്തിൽ താൻ അപമാനം നേരിട്ടെന്നാണ് വിൻസി പറഞ്ഞത്. അന്ന് ആ സംഭവം നടന്നപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു. സെറ്റിൽ ഉണ്ടായിരുന്നവർ ഉറപ്പായും വിൻസിയെ പിന്തുണച്ചേനെ എന്നും മാലാ പാർവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ലൈംഗികാതിക്രമ പരാതിയെ ലളിതവത്കരിച്ചുള്ള പരാമര്‍ശം; നടി മാല പാർവതിക്ക് രൂക്ഷ വിമര്‍ശനം

