സംഘടനയിൽ പലർക്കും ബാബുരാജിനെ ഭയമാണെന്നും തനിക്കുപോലും ഭീഷണി ഉണ്ടെന്നും മാലാ പാർവതി.

കൊച്ചി: ശ്വേതാ മേനോനും കുക്കു പരമേശ്വരനും എതിരായ നീക്കങ്ങൾക്ക് പിന്നിൽ നടൻ ബാബുരാജ് എന്ന് സൂചന നൽകി നടി മാലാ പാർവതി ആരോപണം. ബാബുരാജ് മത്സരരംഗത്ത് നിന്ന് പിന്മാറിയതിനുശേഷം ആണ് ആരോപണങ്ങൾ എല്ലാം ഉയർന്നുവന്നത്. ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢതന്ത്രത്തെപ്പറ്റി അന്വേഷിക്കണം. സംഘടനയിൽ പലർക്കും ബാബുരാജിനെ ഭയമാണെന്നും തനിക്കുപോലും ഭീഷണി ഉണ്ടെന്നും മാലാ പാർവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്വേതാ മേനോൻ കടുത്ത മാനസിക സംഘർഷത്തിൽ എന്നും മാല പാർവതി.

വലിയ ആസ്തിയുള്ള സംഘടനയാണ് അമ്മ. അതിനൊരു പ്രതാപമുണ്ട്. അതിന്‍റെ സൗകര്യം കണ്ട് സുഖിച്ച് പോയ ചിലര്‍ക്ക് അധികാരം വിട്ടുകൊടുക്കാനുള്ള മടിയാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ഞാന്‍ മനസിലാക്കുന്നതെന്ന് മാലാ പാര്‍വതി പറയുന്നു.

 “ഗുരുതരമായ ആരോപണങ്ങളുടെ പേരില്‍ അദ്ദേഹത്തിന്(ബാബുരാജ്) മാറിനില്‍ക്കേണ്ടി വന്നു. മാധ്യമങ്ങളിലൂടെ ഉപദേശിച്ച ആള്‍ക്കാരെ താന്‍ മരണം വരെ മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അന്നത് സാധാരണ രീതിയില്‍ ആയിരുന്നു ഞങ്ങള്‍ വായിച്ചത്. എന്നാല്‍ ഒരു യുട്യൂബര്‍ അത് കടുപ്പിച്ച് പറഞ്ഞപ്പോഴാണ് ഇത് ഭീഷണിയാണല്ലോ എന്ന് മനസിലായത്. അത് സത്യമായി വന്നു. ഹേമ കമ്മിറ്റിയില്‍ നശിച്ച് പോയ അമ്മ സംഘടനയെ എണീപ്പിച്ച് നിര്‍ത്തിയത് ബാബു രാജ് ആണെന്നാണ് അവര്‍ പറയുന്നത്. അദ്ദേഹത്തിന്‍റെ കൂടെ നിന്നവര്‍ക്കും അദ്ദേഹം വിട്ടുപോകുമെന്ന് തോന്നിയപ്പോഴും ആ സംഘത്തിന് ശക്തി കുറഞ്ഞ് പോകുമെന്ന് കരുതി അവര്‍ തന്നെ സ്വാഭാവികമായും ചെയ്തതെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ശ്വേതയ്ക്ക് എതിരായ ആരോപണം വരുന്നത്. പാലേരിമാണിക്യം എന്ന സിനിമയില്‍ നഗ്നത പ്രദര്‍ശിപ്പിച്ചെന്നെല്ലാമുള്ള മോശമായ ആരോപണങ്ങള്‍. കുക്കുവിനെതിരെ പോക്സോ കേസാണ് എടുത്തിരിക്കുന്നത്. എങ്ങനെ ജീവിക്കും ഈ നാട്ടില്‍. ശ്വേതയ്ക്ക് എതിരെ മാര്‍ച്ചില്‍ കേസ് കൊടുത്തെന്നാണ് പരാതിക്കാരന്‍ പറയുന്നത്. അത് പറച്ചില്‍ മാത്രമാണ്. രേഖകളില്ല. കിട്ടിയ രേഖയില്‍ അഞ്ചേ എട്ടാണ്. അപ്പോഴത് തെരഞ്ഞെടുപ്പല്ലേ”, എന്ന് മാലാ പാര്‍വതി ചോദിക്കുന്നു. 

ശ്വേത വളരെ വിഷമത്തിലും ഞെട്ടലിലുമാണ്, കേസിന്റെ പിന്നിൽ ബാബുരാജെന്ന് സംശയിക്കുന്നുവെന്നും മാലാ പാർവതി

“ബാബു രാജ് മാത്രമാണ് അമ്മ സംഘടനയെ വളര്‍ത്തിയത് എന്നൊക്കെ കേള്‍ക്കുമ്പോള്‍ വലിയ വിഷമമാണ്. സാധാരണ ആള്‍ക്കാര്‍ക്ക് അദ്ദേഹത്തെ കുറച്ച് ഭയമാണ്. പേരും പൊതുവില്‍ പറയാറില്ല. എനിക്ക് ഭീഷണി ആയതുകൊണ്ട് അതങ്ങ് പറയാമെന്ന് വിചാരിച്ചു. ഞാന്‍ ഭയക്കേണ്ട കാര്യമില്ലെന്ന് വിശ്വസിക്കുന്നു“, എന്നും മാലാ പാര്‍വതി പറയുന്നു. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്