ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം

പല കാരണങ്ങളാല്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടുന്ന ചില ചിത്രങ്ങളുണ്ട്. അക്കൂട്ടത്തില്‍ പെട്ട ഒന്നാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നതുതന്നെ അതിന് കാരണം. ജനുവരി 25 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റും ആവേശപൂര്‍വ്വമാണ് സിനിമാപ്രേമികള്‍ ഏറ്റെടുക്കാറ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.

സിനിമയുടെ ടീസര്‍ റിലീസ് സംബന്ധിച്ചാണ് അത്. മലൈക്കോട്ടൈ വാലിബന്‍റെ ടീസര്‍ ഡിസംബര്‍ 2 ന് എത്തുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഡിസംബര്‍ 2 ന് അല്ല, ആറിനാണ് ടീസര്‍ എത്തുകയെന്ന് പിന്നാലെ അത് തിരുത്തപ്പെട്ടു. ഇപ്പോഴിതാ അക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ ടീസര്‍ ഡിസംബര്‍ 6 ന് എത്തും. വൈകിട്ട് 5 മണിക്കാണ് റിലീസ്. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ബിഗ് സ്ക്രീനില്‍ വിസ്മയങ്ങള്‍ കാട്ടിയിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് വാലിബന്‍. ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാന്‍ ആയിരുന്നു. 130 ദിവസത്തോളം നീണ്ട ചിത്രീകരണം അവസാനിച്ചത് ജൂണ്‍ രണ്ടാം വാരം ആയിരുന്നു. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ALSO READ : 'മുബി ​ഗോ'യില്‍ ഫിലിം ഓഫ് ദി വീക്ക് ആയി കാതല്‍; ഒരു മലയാള സിനിമ അപൂര്‍വ്വം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം