വിവാഹത്തിന് സ്വർണ്ണാഭരണങ്ങൾ വാങ്ങാതെയും പാർവതി എസ് അയ്യര്‍ മാതൃകയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു മിനിസ്ക്രീൻ താരം പാർവതി എസ് അയ്യരുടെ വിവാഹം. അഡ്വക്കേറ്റ് ആയ അനൂപ് കൃഷ്‍ണൻ ആണ് വരൻ. പാർവതിയുടെ വിവാഹത്തോടുബന്ധിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. താലി കെട്ടുമ്പോൾ സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടുന്ന പാർവതിയെ ആണ് ഒരു വീഡിയോയിൽ കാണുന്നത്. വീഡിയോ കണ്ട് തങ്ങളുടെയും കണ്ണു നിറഞ്ഞെന്നാണ് ആരാധകരിൽ പലരും കമന്റായി കുറിക്കുന്നത്. ആറ്റുകാല്‍ അമ്പലനടയില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു പാർവതിയുടെ വിവാഹം.
വിവാഹത്തിനു ശേഷം നടന്ന റിസപ്ഷനിൽ ജൻമനാ ശാരീരിക ബുദ്ധിമുട്ടുകളുള്ള പാർവതിയുടെ ചേച്ചിയെ ചേർത്തുനിർത്തുന്നതാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോകളിൽ മറ്റൊന്ന്. ''വിവാഹത്തിനും ഈ തിരക്കുകൾക്കും ഇടയിലും ചേച്ചിയെ എവിടെയും മാറ്റിനിർത്താതെ പാർവതിയും ഭർത്താവ് അനൂപും ചേർത്തുനിർത്തുന്ന കാഴ്ചയാണ് ഏറ്റവും മനോഹരമായി തോന്നിയത്'', ''ഇത് തീർത്തും മാതൃകാപരം തന്നെയാണ്'' ''പാർവതിയേക്കാൾ ഈക്കാര്യത്തിൽ അനൂപ് കാണിച്ച നല്ല മനസാണ് നമ്മൾ ശ്രദ്ധിച്ചത്'', തുടങ്ങി പാർവതിയുടെയും അനൂപിന്റെയും നല്ല മനസിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളാണ് വീഡിയോയ്ക്കു താഴെ നിറയുന്നത്.
മിനിസ്‌ക്രീനില്‍ സജീവസാന്നിധ്യമാണ് മോഡലായും നര്‍ത്തകിയായും തിളങ്ങി നിൽക്കുന്ന പാര്‍വതി. ഫോട്ടോഷൂട്ടുകളിലൂടെയും മ്യൂസിക്കൽ ആൽബം വീഡിയോസിലൂടെയും ആണ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. മുറ്റത്തെ മുല്ല, പൂക്കാലം, അമ്മേ ഭഗവതി, നിന്നിഷ്ടം എന്നിഷ്ടം പരമ്പരകളിലൂടെ ശ്രദ്ധേയയാണ്.
വിവാഹത്തിന് സ്വർണ്ണാഭരണങ്ങൾ വാങ്ങാതെയും പാർവതി മാതൃകയായിരുന്നു. റെന്റൽ ജ്യുവലറി ധരിച്ചാണ് പാർവതി വിവാഹത്തിൽ എത്തിയത്. വിവാഹത്തിനു ശേഷവും പാർവതി അഭിനയിക്കുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂ എന്നും അനൂപ് പറഞ്ഞിരുന്നു. പാർവതിക്ക് പ്രായത്തേക്കാൾ പക്വത ഉണ്ട്, കുടുംബത്തിലെ എല്ലാ കാര്യങ്ങളും പാർവതി നോക്കുന്നു. ഇതൊക്കെ തന്നെയാണ് തന്നെ ആകർഷിച്ചതെന്നും വിവാഹശേഷം അനൂപ് പറഞ്ഞു.
