സിനിമയിൽ 27 കട്ട് വരുത്തിയെന്ന് നിർമാതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഇസി അംഗത്തിന് എങ്ങനെ പരാതി നൽകാനാകുമെന്നും നിർമാതാക്കൾ ചോദിക്കുന്നു.
ചെന്നൈ: വിജയ് ചിത്രം ' ജനനായകൻ ' വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിൽ കടുത്ത അനിശ്ചിതത്വം. സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് വൈകുന്നതിനെതിരെ, നിർമാതാക്കൾ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി വിധി പറയാൻ മാറ്റി. വെള്ളിയാഴ്ച രാവിലെ മാത്രമേ വിധി ഉണ്ടാകൂ എന്നാണ് സൂചന. യു/എ സർട്ടിഫിക്കറ്റ് ഉറപ്പ് നൽകിയതിന് ശേഷം നിലപാട് മാറ്റിയതെന്തിനാണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു.
ജനനായകൻ റിലീസിന് മുൻപേ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുമായിട്ടാണ് കോടതി സീൻ. റിവൈസ് കമ്മിറ്റിക്ക് സിനിമ വിട്ടത് ആരുടെ പരാതിയിലെന്ന കോടതി ചോദ്യത്തിൽ സെൻസർ ബോർഡിന്‍റെ നാടകീയ വെളിപ്പെടുത്തലോടെയാണ് വാദം തുടങ്ങിയത്. ഡിസംബർ 22ന് ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ശുപാർശ ചെയ്ത 5 അംഗ എക്സാമിനിംഗ് കമ്മിറ്റിയിലെ ഒരാൾ തന്നെയാണ് പരാതിക്കാരൻ എന്ന് സിബിഎഫ്ഇ അറിയിച്ചു. സിനിമയിൽ സൈന്യവുമായി ബന്ധപ്പെട്ട അടയാളങ്ങൾ ഉണ്ടെന്നും പ്രതിരോധ രംഗത്തെ വിദഗ്ധർ അടങ്ങിയ സമിതി പരിശോധിക്കാതെ ചിത്രത്തിന് അനുമതി നൽകാനാകില്ലെന്നുമാണ് വാദം.
ആർസിക്ക് വിടാൻ തീരുമാനിച്ച ശേഷം 20 ദിവസത്തിനുള്ളിൽ സമിതി രൂപീകരിച്ചാൽ മതിയെന്നും ചെയർമാന്‍റെ അധികാരത്തെ തടയാൻ കോടതിക്ക് കഴിയില്ലെന്നും അഡീ.സോളിസിറ്റർ ജനറൽ പറഞ്ഞു. ഇസി നിർദേശിച്ച 27 മാറ്റങ്ങളും വരുത്തിയാണ് ചിത്രം രണ്ടാമതും പരിശോധനയ്ക്കായി നൽകിയതെന്നും ഒരു അംഗത്തിന്ർറെ അഭിപ്രായത്തെ പരാതി ആയി കാണാൻ ആകില്ലെന്നും നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് മറുപടി നൽകി.
ഇന്ന് തന്നെ തീരുമാനം അറിയിക്കണമെന്ന് നിർമാതാക്കൾ അഭ്യർത്ഥിച്ചെങ്കിലും വിധി പറയാൻ മാറ്റുന്നുവെന്ന് പറഞ്ഞ് ജസ്റ്റിസ് പി ടി ഉഷ എഴുന്നേൽക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഉത്തരവ് ഉണ്ടായേക്കുമെന്ന് സൂചിപ്പിച്ച ജഡ്ജി, ഇത്തരം പരാതികൾ ആരോഗ്യകരമല്ലെന്ന് സെൻസർ ബോർഡ് അഭിഭാഷകനോട് പറഞ്ഞതിന് ശേഷമാണ് കോടതിമുറി വിട്ടത്. വെള്ളിയാഴ്ച പുലർച്ചെ മുതൽ നിശ്ചയിച്ചിട്ടുള്ള പ്രദർശനങ്ങളിൽ സസ്പെൻസ്. കോടതി കനിഞ്ഞില്ലെങ്കിൽ, വിജയുടെ വിടവാങ്ങൽ ചിത്രം വൈകുമെന്ന് ഉറപ്പ്.



