പൂനെയിൽ നടന്ന മുംബൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബോബൻ ഗോവിന്ദൻ സംവിധാനം ചെയ്ത 'മലവാഴി' മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു

ഒക്ടോബർ 6 മുതൽ 10 വരെ പൂനെയിലെ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിലെ തിയറ്റർ കോംപ്ലക്‌സിൽ നടന്ന മുംബൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലവാഴി മികച്ച ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്‌ട്രയിൽ നടത്തിവരുന്ന എൻഎഫ്ഡിസിയുടെ അംഗീകാരമുള്ള മികച്ച ചലച്ചിത്ര മേളകളിൽ ഒന്നാണ് മുംബൈ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ. 958 സിനിമകൾ മത്സരിച്ചതിൽ നിന്നുമാണ് മികച്ച ചിത്രമായി മലവാഴി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനോടകം തന്നെ 40 ലേറെ ഫെസ്റ്റിവലുകളിൽ നിന്നായി 56 പുരസ്കാരങ്ങൾ മലവാഴി നേടിക്കഴിഞ്ഞു.

ലീ ഗോൾഡ് ഫിലിംസിന്റെ ബാനറിൽ ബോബൻ ഗോവിന്ദൻ ആണ് മലവാഴി സംവിധാനം ചെയ്തിട്ടുള്ളത്. വിഖ്യാത ഛായാഗ്രഹൻ മധു അമ്പാട്ടാണ് മലവാഴിയുടെ ചായാഗ്രഹണം നിർവ്വഹിച്ചിട്ടുള്ളത്. രാജേഷ് കുറുമാലിയുടേതാണ് തിരക്കഥ. മുംബൈയിലെ തിയറ്റർ ആർട്ടിസ്റ്റായ ദേവദാസിനെ കൂടാതെ പ്രശസ്ഥ താരങ്ങളായ ഗുരു സോമസുന്ദരം, ഐ എം വിജയൻ, സുന്ദർ പാണ്ഡ്യൻ, സിജി പ്രദീപ്, ശാന്തകുമാരി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്. അരങ്ങിലും അണിയറയിലുമായി ഒന്‍പത് സംസ്ഥാന ദേശീയ പുരസ്കാര ജേതാക്കൾ പ്രവർത്തിച്ച ഒരു ചിത്രം കൂടിയാണ് മലവാഴി.