വിജയ് നായകനാകുന്ന ചിത്രമാണ് മാസ്റ്റര്‍. സിനിമയിലെ നായികയായി എത്തുന്നത് മലയാളി കൂടിയായ മാളവിക മോഹനൻ ആണ്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അതേസമയം ആരാധകര്‍ സിനിമയുടെതായി തയ്യാറാക്കിയ ക്വാറന്റൈൻ പോസ്റ്ററിനെതിരെ മാളവിക രംഗത്ത് എത്തിയിരുന്നു. മറ്റുള്ളവരും പ്രതിഷേധം ഏറ്റെടുത്തതോടെ പോസ്റ്റര്‍ മാറ്റി പുറത്തിറക്കി.

ആരാധകൻ തയ്യാറാക്കിയ പോസ്റ്ററില്‍ പുരുഷൻമാര്‍ പാട്ടുകേട്ടും, പിയാനോ വായിച്ചുമൊക്കെ വിനോദങ്ങളില്‍ ഏര്‍പ്പെടുകയാണ്. തന്നെ പാചകം ചെയ്യുന്നതായി ചിത്രീകരിച്ചതിനെതിരെയാണ് മാളവിക രംഗത്ത് എത്തിയത്. മാളവികയുടെ പ്രതിഷേധം മറ്റ് ആരാധകരും ഏറ്റെടുത്തു. സാങ്കല്‍പ്പിക സിനിമ വീട്ടില്‍ പോലും സ്‍ത്രീയുടെ ജോലി പാചകമാണ്, ഇങ്ങനെയുള്ള ലിംഗ ഭേദം എന്നാണ് ഇല്ലാതാവുക എന്നാണ് മാളവിക ചോദിച്ചത്. തുടര്‍ന്നാണ് ചില ഭേദഗതികള്‍ വരുത്തി പോസ്റ്റര്‍ വീണ്ടും പുറത്തിറക്കിയത്. അതില്‍ മാളവിക വായിക്കുന്നതായിട്ടാണ് കാണുന്നത്. ഇത് ഇഷ്‍ടമായെന്നും താൻ ബുക്കുകള്‍ വായിക്കുന്ന ആളാണ് എന്ന് എങ്ങനെ മനസിലായെന്നും മാളവിക ചോദിച്ചു.