Asianet News MalayalamAsianet News Malayalam

Jayan death Anniversary|സിനിമയ്‍ക്കൊപ്പം ജയന്റെ മരണ വാര്‍ത്തയും ചേര്‍ത്തു, വിശ്വസിക്കാതെ പ്രേക്ഷകര്‍

കാലമിത്രയായിട്ടും ജയൻ മലയാളികളുടെ മനസില്‍ സാഹസികത കാട്ടിക്കൊണ്ടേയിരിക്കുന്നു.

Malayalam actor Jayan death Anniversary
Author
Kochi, First Published Nov 16, 2021, 12:45 PM IST

മലയാളത്തിന്റെ പൗരുഷം എന്ന് ജയനെ കുറിച്ച് പറഞ്ഞ് ക്ലീഷെയായിരിക്കാം, സങ്കല്‍പ്പങ്ങള്‍ മാറിയിരിക്കാം. പക്ഷേ പൗരുഷത്തിന്റെ പര്യായമെന്ന് 'ഒരുകാലം' വാഴ്‍ത്തിയ നടനെ അങ്ങനെയല്ലാതെ പറയാതിരിക്കാൻ തരമില്ല. എത്രയോ ആള്‍ക്കാരുടെ മനസുകളില്‍ ജയൻ ഇന്നും പൗരുഷത്തിന്റെ അഭിനയരൂപമായി നിറഞ്ഞ് അഭിനയിക്കുന്നുണ്ടാകാം. നവംബര്‍ 16 കലണ്ടറില്‍ തെളിയുമ്പോള്‍ ഹെലികോപ്റ്ററിന്റെ മുരളിച്ച കാതുകളില്‍ മുഴുങ്ങുന്നുണ്ടാകും.  ഓര്‍മകളില്‍ ഒരു മരണ വാര്‍ത്ത ഞെട്ടലോടെ കേള്‍ക്കുന്നുണ്ടാകും. കോളിളക്കത്തിന്റെ ക്ലൈമാക്സില്‍ പൂര്‍ണതയ്‍ക്ക് വേണ്ടി ശ്രമിച്ചപ്പോള്‍ മലയാളത്തിന്റെ പൗരുഷം ജയന് (Jayan) ജീവൻ വെടിയേണ്ടി വന്ന അതേ ദിവസമാണ് ഇന്ന്.

കൃഷ്‍ണൻ നായർ എന്ന ജയൻ കരിയര്‍ തുടങ്ങിയത് നേവി ഓഫീസറായിട്ടായിരുന്നു.  15 വര്‍ഷം നേവിയില്‍ സേവനമനുഷ്‍ടിച്ചതിന് ശേഷമാണ് ജയൻ സിനിമയില്‍ സജീവമാകുന്നത്. 1974ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. വില്ലൻ വേഷങ്ങളിലൂടെ തന്നെയായിരുന്നു തുടക്കകാലങ്ങളില്‍ ജയനെ കണ്ടത്. പിന്നീട് ആക്ഷൻ രംഗങ്ങളിലൂടെ നായകനായി വളര്‍ന്നു.  ചെറിയ രംഗങ്ങളില്‍ ആണെങ്കിലും മികവ് കാട്ടിയിരുന്നു ജയൻ. ഹരിഹരന്റെ ശരപഞ്‍ജരം എന്ന സിനിമയിലൂടെയാണ് ജയൻ നായകനാകുന്നത്.

അങ്ങാടി എന്ന സിനിമയിലെ ചുമട്ടുതൊഴിലാളിയാണ് ജയനെ ജനകീയനാക്കി. ഗാംഭീരമുള്ള ശബ്‍ദവും  സാഹസികതുള്ള ആക്ഷനും ഒരുപോലെ അങ്ങാടിയിലും മറ്റ് സിനിമകളിലും ജയനെ പ്രേക്ഷകനോട് അടുപ്പിച്ചു.  മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്ന പേര് ജയൻ സ്വന്തമാക്കി. ഡ്യൂപ്പില്ലാതെ ആക്ഷൻ രംഗങ്ങള്‍ ചെയ്യാൻ താല്‍പര്യം കാട്ടുന്ന ജയന് ജീവൻ വെടിയേണ്ടി വന്നതും അതുകൊണ്ടാണ്.  1974 മുതൽ 80 വരെ   നൂറ്റിപതിനാറ് ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. മിക്കതും വൻ ഹിറ്റുകളുമായിരുന്നു.

കോളിളക്കം എന്ന സിനിമ പൂര്‍ണതയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ജയൻ മരിച്ചത്. തമിഴ്‍നാട്ടിലെ ഷോളാവാരത്തായിരുന്നു ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത്. ആദ്യ ടേക്കില്‍ തന്നെ സംവിധായകൻ തൃപ്‍തനായിരുന്നു. എന്നാല്‍ അതൃപ്‍തനായ ജയൻ വീണ്ടും ടേക്ക് എടുക്കാൻ പറഞ്ഞുവെന്നാണ് സിനിമയുടെ പ്രവര്‍ത്തകര്‍ പറയുന്നത്. റീടേക്കില്‍ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയുമായിരുന്നു. ജയൻ മരിച്ചത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല ആരാധകര്‍. ജയന്റെ മരണസമയത്ത് ഹിറ്റ് ചിത്രമായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്ന 'ദീപ'ത്തില്‍ മരണവാര്‍ത്ത ചേര്‍ത്തിരുന്നു. സിനിമ കണ്ടിരുന്നവര്‍ പൊട്ടിക്കരഞ്ഞുവെന്നാണ് പറയുന്നത്. ചിലര്‍ വിശ്വസിച്ചില്ല. പുതിയ സിനിമയുടെ പരസ്യമാണെന്ന് വിചാരിച്ച് തിയറ്ററില്‍ തുടര്‍ന്നുവെന്നും പറയുന്നു. എന്തായാലും മരണശേഷവും കാലമിത്രയായിട്ടും ജയൻ മലയാളികളുടെ മനസില്‍ സാഹസികത കാട്ടിക്കൊണ്ടേയിരിക്കുന്നുവെന്നു തന്നെ പറയാം. അവസാനിക്കാത്ത റീലുപോലെ.

Follow Us:
Download App:
  • android
  • ios