കെപിഎസി ലളിതയെ ഓര്‍ത്തായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ ദിവസം മലയാളികളുടെ കണ്ണുനിറഞ്ഞത്.
നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണത്തിന്റെ ഞെട്ടലിലാണ് കേരളം. കഴിഞ്ഞ വര്‍ഷവും ഇതേ ദിവസം മലയാളികളുടെ കണ്ണ് നിറഞ്ഞിരുന്നു. മലയാളത്തിന്റെ അഭിനയപ്രതിഭ കെപിഎസി ലളിതയും ഇതേ ദിവസമായിരുന്നു വിട പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 22ന്.
ഒന്നു കണ്ണടച്ച്, കാതുകൂര്‍പ്പിച്ച്, കെപിഎസി ലളിതയെ കുറിച്ച് ആലോചിച്ചാല്‍ ഇന്നും മലയാളികളുടെ ഓര്‍മകള്‍ വെള്ളിത്തിരയെന്ന പോലെയാകും. സിനിമ കാണുന്ന മലയാളികളുടെ കാതോര്‍മകളിലേക്ക് പല പല സംഭാഷണങ്ങള്‍ കടന്നുവരും. സിനിമ ഏതെന്ന് ഓര്‍മയില്ലെങ്കില്‍ പോലും കെപിഎസി ലളിതയുടെ ഭാവങ്ങള്‍ മനസില്‍ തെളിയും. ശബ്‍ദം കൊണ്ടും ഭാവാഭിനയത്തിന്റെ സ്വാഭാവിക ശൈലികൊണ്ടും മലയാളികളുടെ മനസില്‍ ഇരിപ്പിടമുറപ്പിച്ച നടിയായിരുന്നു കെപിഎസി ലളിത.
നാടകമായിരുന്നു ആദ്യ തട്ടകം. ഏറ്റവും ദൂരെ നിന്നുകൊണ്ടു കാണുന്ന പ്രേക്ഷകനു പോലും അരങ്ങിലെ അഭിനേതാവിന്റെ ശബ്‍ദം കേള്‍ക്കണം. സാങ്കേതിക ഉപകരണങ്ങളുടെ സഹായം ഉണ്ടെങ്കിലും ശബ്‍ദത്തിലെ ഭാവം പ്രേക്ഷകനിലേക്ക് എത്തിക്കണമെങ്കിലും അതിന് പ്രതിഭ തന്നെ വേണം. അങ്ങനെ അരങ്ങില്‍ തെളിഞ്ഞതുകൊണ്ടുമാവാം കെപിഎസി ലളിതയുടെ 'പറച്ചിലു'കള്‍ക്ക് മാത്രമായും ഒരു കഥാപാത്രത്തെ അവിസ്‍മരണീയമാക്കാനായിരുന്നത്. അങ്ങനെ ഭാവപൂര്‍ണതയിലുള്ള 'പറച്ചിലു'കള്‍ക്കൊപ്പം മുഖവും ശരീരമൊന്നാകെയുമുള്ള വേഷപകര്‍ച്ചകളോടെയും കെപിഎസി ലളിത അവിസ്‍മരണീയമാക്കിയ കഥാപാത്രങ്ങളെ ഒറ്റ ആലോചനയില്‍ എണ്ണിതീര്‍ക്കാനാവില്ല. പ്രണയവും ദേഷ്യവും നിസഹായതയും വീര്യവും പ്രതീക്ഷയും അസൂയയും കുശുമ്പുമൊക്കെയുള്ള വികാരങ്ങളും കഥാസന്ദര്‍ഭങ്ങളുമൊക്കെ കെപിഎസി ലളിത സംസാരത്തിന്റെ തനത് ക്രമപ്പെടുത്തലുകളിലൂടെയാണ് അവതരിപ്പിച്ച് വിസ്‍മയിക്കാറുള്ളത്.
മൂളലുകള്‍ കൊണ്ടും പിറുപിറുപ്പുകള്‍ കൊണ്ടുപോലും എത്രയോ കഥാസന്ദര്‍ഭങ്ങളെ കെപിഎസി ലളിത അവിസ്‍മരണിയമാക്കിയിടുണ്ട്. ഓരോ കഥാപാത്രവും ആവശ്യപ്പെടുന്നതിനുസരിച്ചോ അത് തന്റേതാക്കി മാറ്റുന്നതിനോ അറിയാതെന്ന പോലെ നീട്ടലും മുറുക്കലും ചേര്‍ത്തുള്ള സംഭാഷണ ശൈലിയാണ് കെപിഎസി ലളിത സ്വീകരിക്കാറുള്ളത്. 'ഗാന്ധിനഗര്‍ സെക്കൻഡ് സ്‍ട്രീറ്റി'ലെ 'ഭാരതി', 'മനസ്സിനക്കരെ'യിലെ 'കുഞ്ഞുമറിയ', 'അമര'ത്തിലെ 'ഭാര്‍ഗവി', 'സ്‍ഫടിക'ത്തിലെ 'മേരി', 'വീണ്ടും ചില വീട്ടുകാര്യങ്ങളി'ലെ 'മേരിക്കുട്ടി' തുടങ്ങിയ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ വെറുതെയൊന്ന് ഓര്‍ത്താല്‍ കെപിഎസി ലളിതയുടെ ശബ്‍ദാഭിനയവും മനസില്‍ തെളിയും.
അടൂര്‍ ഗോപാലകൃഷ്‍ണൻ 'മതിലുകളി'ല്‍ തന്റെ നായികയായി കണ്ടെത്തിയതും കെപിഎസി ലളിതയുടെ ശബ്‍ദത്തേയായിരുന്നു. മമ്മൂട്ടിയുടെ നായിക കഥാപാത്രമായ 'നാരായണി'യുടെ രൂപം സ്‍ക്രീനില്‍ ഇല്ല. ശബ്‍ദം മാത്രം കേള്‍ക്കുന്നു. ശബ്‍ദം കൊണ്ട് മാത്രം കഥാപാത്രത്തെ പ്രേക്ഷക മനസിലേക്ക് എത്തിക്കാൻ കെപിഎസി ലളിതയ്‍ക്കായി എന്നത് വിദേശമേളകളില്‍ നിന്നടക്കം കിട്ടിയ അഭിനന്ദനങ്ങള്‍ സാക്ഷ്യം.
കെപിഎസി ലളിതയുടേതായി 'ഭീഷ്‍മ പര്‍വം', 'ഒരുത്തീ' എന്നീ ചിത്രങ്ങള്‍ അവരുടെ മരണശേഷം പ്രദര്‍ശനത്തിനെത്തിയിരുന്നു. മരണം വരെ അഭിനയിക്കുക എന്നതായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയുടെ ആഗ്രഹം. അനാരോഗ്യത്തെ വകവയ്‍ക്കാതെയും കഥാപാത്രങ്ങളെ അവര്‍ ഇരുംകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടേയിരുന്നതും അതുകൊണ്ടാണ്. 'എന്റെ പ്രിയതമന്', 'പാരീസ് പയ്യൻസ്', 'നെക്സ്റ്റ് ടോക്കണ്‍ നമ്പര്‍ പ്ലീസ്', 'ഡയറി മില്‍ക്ക്', 'ലാസറിന്റെ ലോകം' തുടങ്ങി കെപിഎസി ലളിതയുടേതായി പ്രഖ്യാപിച്ച ചിത്രങ്ങളില്‍ പൂര്‍ത്തിയായവയും തുടങ്ങാത്തവയും ഉണ്ടായിരുന്നു.
മഹേശ്വരിയമ്മ എന്നായിരുന്നു കെപിഎസി ലളിതയുടെ യഥാര്‍ഥ പേര്. കടയ്‍ക്കത്തറല്‍ വീട്ടില്‍ കെ അനന്തൻ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായ കെപിഎസി ലളിത 10 വയസുള്ളപ്പോഴേ നാടകത്തില്‍ അഭിനയിച്ചുതുടങ്ങി. കെപിഎസിയില്‍ ചേര്‍ന്ന ശേഷം നാടകഗ്രൂപ്പിന്റെ പേരും ചേര്‍ത്ത് ലളിതയായി. തോപ്പിൽ ഭാസിയുടെ 'കൂട്ടുകുടുംബ'ത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.
പിന്നീടങ്ങോട്ടുള്ളത് മലയാള സിനിമയുടെ കൂടി ചരിത്രമാണ്. 'സ്വയംവരം', 'അനുഭവങ്ങൾ പാളിച്ചകൾ', 'ചക്രവാളം', 'കൊടിയേറ്റം', 'സന്മനസ്സുള്ളവർക്ക് സമാധാനം', 'പൊൻ മുട്ടയിടുന്ന താറാവ്', 'വടക്കുനോക്കി യന്ത്രം', 'വെങ്കലം', 'ഗോഡ് ഫാദർ', 'വിയറ്റ്നാം കോളനി', 'ശാന്തം', 'അമരം', 'സന്ദേശം', 'നീല പൊൻമാൻ' അങ്ങനെ നീളുന്നു 'കെപിഎസി' ലളിത അഭിനയിച്ച് വിസ്‍മയിപ്പിച്ച ചിത്രങ്ങള്‍. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡുകള്‍ രണ്ട് തവണ കെപിഎസി ലളിത സ്വന്തമാക്കിയിട്ടുണ്ട്. 1991ല്‍ 'അമരം' എന്ന ചിത്രത്തിലൂടെയും 2000ത്തില്‍ 'ശാന്തം' എന്ന ചിത്രത്തിലൂടെയുമായിരുന്നു കെപിഎസി ലളിത മികച്ച രണ്ടാമത്തെ നടിയായത്. നാല് തവണയാണ് കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ രണ്ടാമത്തെ നടിയായി കെപിഎസി ലളിത തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
Read More: 'ഇരുപതുവര്‍ഷമായുള്ള ബന്ധമാണ്', സുബിയെ കുറിച്ച് ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് ലക്ഷ്‍മി പ്രിയ
