ഈ വർഷാദ്യം പുറത്തിറങ്ങിയ എലോണിന് വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും വരാനിരിക്കുന്നത് ബിഗ് ബജറ്റ് ഉൾപ്പടെയുള്ള സിനിമകളാണ്.

തിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ മോഹന്‍ലാല്‍ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങളുണ്ട്. സേതുമാധവന്‍, ആടുതോമ, മംഗലശ്ശേരി നീലകണ്‌ഠന്‍, ജഗന്നാഥന്‍ തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഏത് കഥാപാത്രവും അനായാസമായി അവതരിപ്പിക്കുന്ന മോഹന്‍ലാലില്‍ നിന്ന് നെയ്യാറ്റിന്‍കര ഗോപന്‍, ലക്കി സിംഗ് തുടങ്ങിയ കഥാപാത്രങ്ങളാണ് പോയ വര്‍ഷം ആരാധകര്‍ക്ക് ലഭിച്ചത്.

മമ്മൂട്ടിയും പൃഥ്വിരാജും ടൊവിനോയും ആസിഫ് അലിയുമെല്ലാം മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചപ്പോൾ, മോഹൻലാലിന് കാലിടറി. റിലീസ് ചെയ്ത നാല് ചിത്രങ്ങളും ബോക്സ് ഓഫീസിൽ പരാജയം നേരിട്ടു. ആറാട്ട്, ബ്രോ ഡാഡി, ട്വൽത്ത് മാൻ, മോൺസ്റ്റർ എന്നിവയാണ് 2022ലെ മോഹൻലാൽ ചിത്രങ്ങൾ.

ഇതിൽ ബ്രോ ഡാഡിയും ട്വൽത്ത് മാനും ഒടിടി റിലീസായെത്തി ഗംഭീര പ്രതികരണം നേടി. ആറാട്ടിന്റെയും മോൺസ്റ്ററിന്റെയും കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. ട്രോളുകളും വിമർശനങ്ങളും ഉയർന്നു. ഔട്ട്ഡേറ്റഡ് ആയ സംവിധായകർക്കൊപ്പം സിനിമ ചെയ്യരുതെന്നും നല്ല സ്ക്രിപ്റ്റുകൾ തിരഞ്ഞെടുക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടു.

എന്നാൽ 2023ലേക്ക് നോക്കുമ്പോൾ, മോഹൻലാലിന് ഒരുപാട് പ്രതീക്ഷ നൽകുന്ന സിനിമകളാണ് ഉള്ളത്. ഈ വർഷാദ്യം പുറത്തിറങ്ങിയ എലോണിന് വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും വരാനിരിക്കുന്നത് ബിഗ് ബജറ്റ് ഉൾപ്പടെയുള്ള സിനിമകളാണ്.

പുതുനിര സംവിധായകരില്‍, പറയുന്ന വിഷയങ്ങള്‍ കൊണ്ടും ആഖ്യാനശൈലി കൊണ്ടും തന്‍റേതായ വഴി വെട്ടിയ ലിജോ ജോസ് പെല്ലിശ്ശേരി മുതൽ 'അതിരൻ' ഫെയിം വിവേക് വരെയുള്ള സംവിധായകരുടെ മികച്ച തിരഞ്ഞെടുപ്പ് ഈ വർഷം മോഹൻലാലിന് ഉണ്ട്. മലൈക്കോട്ടൈ വാലിബൻ ആണ് ലിജോ ജോസിന്റെ ചിത്രം. സിനിമയുടെ ഷൂട്ടിംഗ് രാജസ്ഥാനിൽ പുരോഗമിക്കുകയാണ്.

ദൃശ്യം 2ന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന റാം, പൃഥ്വിരാജിന്റെ എമ്പുരാൻ, മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ്, വൃഷഭ, ഭദ്രൻ ചിത്രം അനൂപ് സത്യൻ സിനിമ, ടിനു പാപ്പച്ചൻ സിനിമ എന്നിങ്ങനെ പോകുന്നു മറ്റ് ലിസ്റ്റുകൾ.

ഇവയിൽ ചിലത് വരും വർഷങ്ങളിലാകും ചിലപ്പോൾ റിലീസിന് എത്തുക. എന്നാലും സിനിമകളുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇരുന്നൂറു ശതമാനവും ഒരു ഫാൻ ബോയ് ചിത്രമായിരിക്കും മോഹൻലാലിന്റേത് എന്നാണ് വിവേക് പറഞ്ഞിരിക്കുന്നത്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷ്ഭ വമ്പൻ ക്യാൻവാസിലാണ് ഒരുങ്ങുന്നത്. ആക്ഷന് പ്രാധാന്യമുള്ള ഈ ബിഗ് ബജറ്റ് സിനിമയ്ക്കും പ്രതീക്ഷ ഏറെ.

മോഹൻലാൽ ആരാധകരും സിനിമാസ്വാദകരും ആകാംഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ചിത്രം ആദ്യ ഭാഗത്തേക്കാൾ വളരെ മികച്ചതായിരിക്കുമെന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുമുണ്ട്. അപ്പോൾ പിന്നെ പ്രതീക്ഷകളും ഏറെ ആയിരിക്കുമല്ലോ. എന്നാൽ സിനിമ ഈ വർഷം ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

മലയാളത്തിന് പുറമെ തമിഴിലും മോഹൻലാൽ ഇത്തവണ കസറുമെന്ന് ഉറപ്പാണ്. രജനീകാന്ത് നായകനാകുന്ന ജയിലറിലാണ് മോഹൻലാലും ഭാഗമാകുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഹാഫ് സ്ലീവ് പ്രിന്‍റഡ് ഷര്‍ട്ടും പ്ലെയിന്‍ ഗ്ലാസും കയ്യിൽ ഒരു ഇടിവളയുമൊക്കെയായി സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള മോഹൻലാലിന്റെ ലുക്ക് ഏവരും ഏറ്റെടുത്തിരുന്നു.

പ്രണവ് മോഹൻലാലിന്റെ പുതിയ വരവ്; ഒപ്പം ടൊവിനോയും നസ്രിയയും ? ചർച്ചകൾ ഇങ്ങനെ

വർഷങ്ങളായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടനാണ് മോഹൻലാൽ. മലയാള സിനിമയിലെ മറ്റൊരു നടനാലും പകർന്നാടാൻ കഴിയാത്ത അതുല്യാഭിനയം കാഴ്ചവച്ച നടൻ. ആ അഭിനയകുലപതിക്ക് 2023 സുവർണ്ണ വർഷമാകുമോന്ന് എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. 

വരുന്നത് ബി​ഗ് ബജറ്റ് സിനിമകൾ; 2023 മോഹൻലാലിന് സുവർണ്ണ വർഷമോ? | Mohanlal