അനശ്വര രാജന് ഐക്യദാര്‍ഢ്യവുമായി മലയാള സിനിമാ നടിമാര്‍ക്ക് പിന്നാലെ നടന്മാരും. വിമര്‍ശനവുമായി വരുന്നവരുടെ ഇരട്ടത്താപ്പ് മനസിലാക്കിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് വിവിധ നടന്മാരുടേത്

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്‍റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി നടന്മാരും. നടിമാരായ റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, അനുപമ പരമേശ്വരന്‍ തുടങ്ങിയവരും ഗായിക അഭയ ഹിരണ്‍മയിയും രംഗത്തെത്തിയതിന് പിന്നാലെയാണ് നടന്മാരായ ഹരീഷ് പേരടിയും അനില്‍ പി നെടുമങ്ങാടും അനശ്വരയ്ക്ക് പിന്തുണയുമായി എത്തിയത്. അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപ്പെടുന്നു എന്ന് വിശദമാക്കുന്ന കുറിപ്പോടെയാണ് ഷോട്സ് ധരിച്ച ചിത്രം ഹരീഷ് പേരടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സിക്സ് പാക്കുമായി നില്‍ക്കുന്ന അര്‍ണോള്‍ഡ് ഷ്വാസ്നെഗറുടെ ചിത്രത്തിന് സദാചാര കമന്‍റു ചെയ്യുന്ന സ്ത്രീകളുടേതായി ചെയ്തെടുത്ത ചിത്രമാണ് അനില്‍ പി നെടുമങ്ങാട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം തന്‍റെ കാലുകള്‍ കാണിച്ചുള്ള ചിത്രവും അനില്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. നേരത്തെ നസ്രിയയ്ക്കൊപ്പമുള്ള ചിത്രവുമായെത്തി ഫഹദ് ഫാസിലും അനശ്വരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

ഹരീഷ് പേരടിയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കുന്നു...അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപെടുന്നു...ഈ ശരിര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെ...

അനില്‍ പി നെടുമങ്ങാടിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു...അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപെടുന്നു...ഈ ശരിര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെ...

മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കാനും പറയാനും അച്ഛനും അങ്ങളമാരൊന്നുമില്ലേടെ ?....പറഞ്ഞ് മനസ്സിലാക്കാൻ അമ്മ പെങ്ങൻമാരും ഇല്ലേടെ?

ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ‌വിവാദങ്ങൾക്ക് തിരി കൊളുത്തിയത്.