രതീഷ് ബാലകൃഷ്ണ പൊതുവാൾ-കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ഒരു ദുരൂഹ സാഹചര്യത്തിൽ' ഒരു സൈക്കോളജിക്കൽ കോമഡി ത്രില്ലറാണ്. കുഞ്ചാക്കോ ബോബൻ്റെയും മറ്റു താരങ്ങളുടെയും മികച്ച പ്രകടനമാണ് പ്രധാന ആകർഷണം.
‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ- കുഞ്ചാക്കോ ബോബൻ കോമ്പോ ഒന്നിച്ചെത്തുന്ന ചിത്രം. ഇതായിരുന്നു 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന സിനിമയുടെ പ്രധാന യുഎസ്പി. ആ യുഎസ്പി ഒട്ടും മിസായിട്ടില്ലെന്ന് ഊട്ടി ഉറപ്പിച്ചുള്ള പ്രകടനമാണ് ചിത്രം ഇന്ന് തിയറ്ററിൽ കാണികൾക്ക് സമ്മാനിച്ചത്. പേര് പോലെ തന്നെ അടിമുടി ദുരൂഹതയാണ് ചിത്രം. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു സൈക്കോളജിക്കൽ കോമഡി ത്രില്ലർ പടം. അതാണ് 'ഒരു ദുരൂഹ സാഹചര്യത്തിൽ'.
കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന സേതു എന്ന കഥാപാത്രത്തെ റിവീൽ ചെയ്തു കൊണ്ടാണ് ഒരു ദുരൂഹ സാഹര്യത്തിൽ തുടങ്ങുന്നത്. വയനാട് തിരുനെല്ലിയിലെ തോൽപ്പട്ടി എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. സേതുവിന്റെ സ്വപ്നത്തോടെ ആരംഭിക്കുന്ന ചിത്രം മുന്നോട്ട് പോകുന്തോറും യാഥാർത്ഥ്യത്തിലേക്ക് പ്രേക്ഷകനെ കൊണ്ടു പോകുകയാണ്. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അറ്റൻന്ററായി ജോലി ചെയ്യുന്ന ആളാണ് സേതു. ഇയാൾക്ക് ഒരു ചേട്ടനുണ്ട്. പേര് മധു. ചെറുപ്പകാലത്തുണ്ടായൊരു പ്രശ്നം കാരണം അരയ്ക്ക് താഴ്പ്പോട്ട് തളർന്ന് പോയ മധുവിന് ഹലൂസിനേഷൻ എന്ന രോഗാവസ്ഥയുണ്ട്. ഈ ചേട്ടനാണ് സേതുവിന്റെ ഉലകം. ഇവരുടെ കൂട്ടുകാരൻ മാർക്കോസിന്റെ മകനാണ് തണ്ടർബോൾട്ട് ഉദ്യോഗസ്ഥൻ അർബിയാസ്. ഈ കുടുബത്തിലേക്ക് രാജേന്ദ്ര പ്രസാദ് എന്ന അപരിചിതൻ കടന്നുവരുന്നതോടെ കഥ മാറി മറിയുന്നുണ്ട്. ശേഷം നടക്കുന്ന സംഭവ വികാസങ്ങളാണ് ഒരു ദുരൂഹ സാഹചര്യത്തിൽ പറയുന്നത്.
ഫസ്റ്റ് ഹാഫ് ക്യാരക്ടർ റിവീലിങ്ങും ലൈറ്റ് കോമഡികളുമൊക്കെയായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കിൽ, സെക്കന്റ് ഹാഫ് ഇമോഷണലും ആക്ഷനുമൊക്കെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഹ്യൂമർ, സോഷ്യൽ സറ്റയർ, ഇമോഷൻസ് എന്നിങ്ങനെ രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്ന സംവിധായകന്റെ ചേരുവകൾ എല്ലാമുള്ള സിനിമയാണ് ഒരു ദുരുഹ സാഹചര്യത്തിൽ. എന്നാൽ ഇത്തവണ അല്പം ആക്ഷനും വെടിയൊച്ചകളുമൊക്കെ കൊണ്ടുവന്നിട്ടുണ്ട്. അക്കാര്യത്തിൽ അദ്ദേഹം വിജയിക്കുകയും ചെയ്തുവെന്ന് നിസംശയം പറയാം. മുൻവിധികൾക്കുള്ള വഴി തുറക്കാതെ ഒരോ നിമിഷവും പ്രേക്ഷകന് ക്യൂരിയോസിറ്റി നൽകാൻ പടത്തിനായിട്ടുണ്ട്.

ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന സിനിമയുടെ പ്രധാനഘടകം അല്ലെങ്കിൽ സിനിമയെ മുന്നോട്ട് കൊണ്ടുപോയത് അഭിനേതാക്കളാണ്. അതാണ് സിനിമയുടെ ഹൈലൈറ്റും. സമീപകാലത്ത് ക്യാരക്ടർ റോളുകൾ കൊണ്ട് അമ്മാനമാടുന്ന കുഞ്ചാക്കോ ബോബന്റെ അഴിഞ്ഞാട്ടം തന്നെയാണ് ഈ സിനിമയിലും കാണാനാകുക. സേതു എന്ന ചെറുപ്പക്കാരന്റെ ദയനീയതയും സഹോദര സ്നേഹവും മാനസിക സംഘർഷങ്ങളുമൊക്കെ അതി ഗംഭീരമായി തന്നെ കുഞ്ചാക്കോ ചെയ്ത് വച്ചിട്ടുണ്ട്. തന്റെ കഥാപാത്രത്തോട് കുഞ്ചാക്കോ 100 ശതമാനം നീതിപുലർത്തിയെന്ന് ചുരുക്കം. ഇമോഷണൽ സീനൊക്കെ അസാധ്യമായി ചെയ്ത് വച്ചിട്ടുണ്ട്.
ദിലീഷ് പോത്തനും സജിൻ ഗോപുവും സംവിധായകൻ ചിദംബരവും ജാഫർ ഇടുക്കിയുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മധു എന്ന കഥാപാത്രമായി അസാധ്യപ്രകടനം തന്നെ ദിലീപ് കാഴ്ചവച്ചിട്ടുണ്ട്. രജേന്ദ്ര പ്രസാദ് എന്ന വേഷത്തിലെത്തി സജിൻ ഗോപുവും പതിവ് പോലെ ഗംഭീരമാക്കിയിട്ടുണ്ട്. എടുത്ത് പറയേണ്ടുന്ന വേഷം ചിദംബരത്തിന്റേതാണ്. ആദ്യമായാണ് അഭിനയിക്കുന്നതെന്ന തോന്നൽ പോലും ഉളവാക്കാത്ത പ്രകടനമാണ് അർബിയാസ് എന്ന തണ്ടർബോൾട്ട് ഉദ്യോഗസ്ഥനായി ചിദംബരം കാഴ്ചവച്ചത്. ഒറ്റബുദ്ധിക്കാരനായ പക്ക നെഗറ്റീവ് ഷെയ്ഡ് കഥാപാത്രമാണിത്. ഇനിയും തനിക്ക് അഭിനയത്തിൽ ചാൻസ് നോക്കാം എന്ന് ചിദംബരം ഇതിലൂടെ ഉറപ്പിച്ചു കഴിഞ്ഞു. സ്വന്തം പേരിൽ പൊതുപ്രവർത്തകനായിട്ടാണ് ജാഫർ ഇടുക്കി അഭിനയിച്ചിരിക്കുന്നത്. പ്രസ്മീറ്റിൽ പറഞ്ഞത് പോലും ‘ജാഫർ ഇടുക്കി ഹെയർ സ്റ്റൈൽ’ തരംഗമാകാൻ ചാൻസ് ഏറെയാണ്.

സാങ്കേതിക തികവിലും ഒരു ദുരുഹ സാഹചര്യത്തിൽ മികവ് പുലർത്തിട്ടുണ്ട്. കഥ നടക്കുന്ന ഉൾനാടൻ ലൊക്കേഷനുകളും മാവോയിസ്റ്റ് പശ്ചാത്തലവുമൊക്കെ തനിമ ചോരാതെ ക്യാമറയിൽ ഒപ്പിയെടുക്കാൻ അർജുൻ സേതുവിന് സാധിച്ചിട്ടുണ്ട്. മ്യൂസിക്കും പശ്ചാത്തല സംഗീതവുമെല്ലാം കഥയ്ക്ക് ഏറ്റവും അനുയോജ്യമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ആകെ മൊത്തിൽ മികച്ച സംവിധാനവും ഗംഭീര പ്രകടനങ്ങളും ഒത്തു ചേർന്നൊരു സിനിയാണ് ഒരു ദുരൂഹ സാഹചര്യത്തിൽ.



