കൊച്ചി: സ്വര്‍ണ്ണക്കടത്ത് സംഘത്തിന് സിനിമാ മേഖലയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാക്കി ചലച്ചിത്ര സംഘടനകള്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പിന്നില്‍ കള്ളപ്പണം ഉണ്ടെന്ന് സംശയിക്കുന്നതായി പ്രമുഖ നിര്‍മ്മാതാവ് സിയാദ് കോക്കര്‍ ആരോപിച്ചു. ഫൈസല്‍ ഫരീദിനെ കേരളത്തിലെത്തിച്ചശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്നാണ് എന്‍ഐഎ  വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

നയതന്ത്ര ബാഗ് വഴി സ്വര്‍ണ്ണം കടത്തിയ സംഘത്തിലെ പ്രധാനി ഫൈസല്‍ ഫരീദിന് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. നാല് സിനിമകളില്‍ ഇയാള്‍ പണം ഇറക്കിയതായും സൂചനയുണ്ട്. പൂര്‍ണ്ണമായും വിദേശത്ത് ചിത്രീകരിച്ച മറ്റൊരു സിനിമയുടെ പിന്നിലും ഫൈസല്‍ ഫരീദും സംഘവുമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. 

ഈ പശ്ചാത്തലത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിര്‍വ്വാഹക സമിതി അംഗമായ സിയാദ് കോക്കര്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെടുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കായി ഇത്രത്തോളം പണം എവിടെനിന്ന് വരുന്നുവെന്നാണ് സിയാദ് കോക്കറിന്‍റെ ചോദ്യം.

വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന നിലപാടാണ് ഫിലിം ചേംബറിന്‍റേയും. നിലവില്‍ ദുബായിലുള്ള ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാതെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകില്ലെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു. ചില സംശയങ്ങള്‍ മാത്രമാണുള്ളത്. ഫൈസല്‍ ഫരീദിനെ കസ്റ്റഡിയില്‍ കിട്ടിയശേഷം ഇക്കാര്യത്തിലും അന്വേഷണം ഉണ്ടാകുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു.