ഒടുവിൽ നീണ്ടനാളത്തെ ഇടവേളക്ക് ശേഷം ഹൗ ഓൾഡ് ആർയു എന്ന ചിത്രത്തിലൂടെ താരം ​ഗംഭീര തിരിച്ചുവരവ് നടത്തി. മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. 

ലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന്റെ പിറന്നാളാണ് ഇന്ന്. സിനിമയിലെ സഹപ്രവർത്തകർ ഉൾപ്പടെ നിരവധി പേർ താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ്. 

നടിയും നിർമ്മാതാവുമായ മഞ്ജു വാര്യർ 1995ൽ 'സാക്ഷ്യം' എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 40 ഓളം സിനിമകളിൽ അഭിനയിച്ചു. 1996 ല്‍ പുറത്തിറങ്ങിയ 'സല്ലാപ'ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരം കരസ്ഥമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. 

ദില്ലിവാല രാജകുമാരന്‍, കളിവീട്, കളിയാട്ടം, ആറാം തമ്പുരാന്‍, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, പ്രണയവര്‍ണ്ണങ്ങള്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം, പത്രം എന്നിവയാണ് അക്കാലത്ത് ശ്രദ്ധേയമായ മഞ്ജു വാര്യര്‍ സിനിമകള്‍. നടൻ മോഹൻലാലിനൊപ്പമുള്ള താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർ നെഞ്ചേറ്റുന്നവയാണ്. 

വിവാഹ ശേഷം സിനിമയില്‍ നിന്ന് ദീര്‍ഘകാലം ഇടവേളയെടുത്തു. ഒടുവിൽ 2014ല്‍ പുറത്തിറങ്ങിയ 'ഹൗ ഓൾഡ് ആർയു' എന്ന ചിത്രത്തിലൂടെ താരം ​ഗംഭീര തിരിച്ചുവരവ് നടത്തി. മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്‍, ലൂസിഫര്‍, അസുരന്‍, പ്രതി പൂവന്‍കോഴി, ദി പ്രീസ്റ്റ്, ചതുർമുഖം തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിലാണ് രണ്ടാം വരവിന് ശേഷം മഞ്ജു അഭിനയിച്ചത്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു, മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും ചെയ്തു.

മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മികച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ടിരിക്കുന്ന മഞ്ജുവിന്റെ പിറന്നാൾ സുഹൃത്തുക്കളെ പോലെതന്നെ ആഘോഷമാക്കുകയാണ് മലയാളികളും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona