Asianet News MalayalamAsianet News Malayalam

സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, അനുശ്രീ, ജയസൂര്യ; മിത്ത് വിവാദത്തില്‍ താരങ്ങളുടെ തുറന്നുപറച്ചിലില്‍ ചര്‍ച്ച

ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിൽ സ്പീക്കർ എ എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളാണ് നേരത്തെ വിവാദമായത്

malayalam film stars response to myth controversy at ganeshotsav venues suresh gopi unni mukundan anusree jayasurya nsn
Author
First Published Aug 23, 2023, 5:16 PM IST

സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ ഗണപതി പരാമര്‍ശത്തെ തുടര്‍ന്ന് ഉയര്‍ന്ന മിത്ത് വിവാദത്തില്‍ ചലച്ചിത്ര താരങ്ങളുടെ അഭിപ്രായ പ്രകടനങ്ങളും ചര്‍ച്ചയാവുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നതായി ഒരു സ്കൂള്‍ പരിപാടിയില്‍ വിശദീകരിക്കവെയാണ് ഗണപതി ഒരു മിത്ത് ആണെന്ന് ഷംസീര്‍ പറഞ്ഞത്. ഇതിനോടുള്ള താരങ്ങളുടെ പ്രതികരണങ്ങള്‍ വിനായക ചതുര്‍ഥി ദിനത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന ഗണേശോത്സവ വേദികളിലാണ് എന്നതാണ് ശ്രദ്ധേയം.

ദൈവങ്ങള്‍ മിത്ത് ആണെന്ന് പറയുന്നവര്‍ അവസാനം നിങ്ങള്‍ തന്നെ മിത്ത് ആണെന്ന് പറയുമെന്നായിരുന്നു ഉണ്ണി മുകുന്ദന്‍റെ വാക്കുകള്‍. "ഇന്നലെ ഗണപതി മിത്ത് ആണെന്ന് പറഞ്ഞു. നാളെ കൃഷ്ണന്‍ മിത്ത് ആണെന്ന് പറയും. മറ്റന്നാള്‍ ശിവന്‍ മിത്ത് ആണെന്ന് പറയും. ഇതെല്ലാം കഴിഞ്ഞ് നിങ്ങള്‍ ഒരു മിത്ത് ആണെന്ന് പറയും. ഇതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ജനിച്ചുവളര്‍ന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ പറഞ്ഞ കാര്യമാണ് ദൈവം ഉണ്ടെന്ന്. പക്ഷേ ദൈവം എവിടെ ഉണ്ടെന്ന് ചോദിച്ചാല്‍ നമുക്ക് അറിയില്ല. തൂണിലും തുരുമ്പിലും ഹനുമാന്‍ സ്വാമി ഉണ്ടെന്ന് പറയുമ്പോള്‍, സാങ്കേതികവിദ്യയുടെ ഇന്നത്തെ കാലത്ത് കേള്‍ക്കുമ്പോള്‍ ചിലര്‍ച്ച് ചിരി വരും", കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി ആഘോഷത്തില്‍ പങ്കെടുക്കവെയാണ് ഉണ്ണി മുകുന്ദന്‍റെ വാക്കുകള്‍.

ഹിന്ദുവിനെ ഉണര്‍ത്തിയതിന് ചില പിശാചുക്കളോട് നന്ദി പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം- "ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന മറ്റൊരു തൃശൂര്‍ പൂരമായിരിക്കണം അടുത്ത വര്‍ഷത്തെ ഗണേശോത്സവം. ഇത്തരമൊരു തീരുമാനം എടുക്കാന്‍ സാധിച്ചെങ്കില്‍ ചില പിശാചുക്കളോട് നമ്മള്‍ നന്ദി പറയണം. ഞാന്‍ ആ പിശാചിനോട് നന്ദി പറയുന്നു. ഹിന്ദുവിനെ ഉണര്‍ത്തി. വിശ്വാസിയെ നിങ്ങള്‍ ഉണര്‍ത്തി. കൂട്ടത്തില്‍ ഞാനും ഉണര്‍ന്നു", ഷൊര്‍ണൂര്‍ മണ്ഡലം ഗണേശോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

എല്ലാ അനുഭവങ്ങളെയും വിശദീകരിക്കുക സാധ്യമല്ലെന്നായിരുന്നു ജയസൂര്യയുടെ വാക്കുകള്‍- "മന്ത്രി ആയാലും സ്പീക്കര്‍ ആയാലും നന്നായി പ്രവര്‍ത്തിക്കുമെന്ന ജനങ്ങളുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്. വിശ്വാസമാണോ മിത്ത് ആണോ വലുത് എന്നുള്ളതൊക്കെ ഓരോരുത്തരുടെയും വിശ്വാസമാണ്. നമ്മള്‍ ഞങ്ങളുടെ വിശ്വാസമാണ് വലുത് എന്നൊന്നും പറയേണ്ട കാര്യമില്ല. ആരും എന്തും വിശ്വസിച്ചോട്ടെ. പക്ഷേ നമുക്ക് നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കാമല്ലോ. മറ്റുള്ളവരുടെ വിശ്വാസത്തെ തിരുത്താന്‍ പോകേണ്ട എന്നതാണ് എന്‍റെ വിശ്വാസം. പഞ്ചസാര പോലും ശാസ്ത്രത്തിന്‍റെ കണ്ടുപിടുത്തമാണ്. പക്ഷേ പഞ്ചസാരയുടെ രുചി എന്താണെന്ന് ചോദിച്ചാല്‍ എന്ത് പറയും? പലതരം മധുരങ്ങള്‍ എങ്ങനെയാണ് തരംതിരിച്ച് അറിയുക? അതൊന്നും പറയാന്‍ നമുക്ക് വാക്കുകള്‍ ഇല്ല. പ്രാര്‍ഥനയും അതിലൂടെ ലഭിക്കുന്നത് എന്താണെന്നതും ഒരു അനുഭവമാണ്", ഗണേശോത്സവ വേദിയിലാണ് ജയസൂര്യയുടെയും പ്രതികരണം.

ആരോ എവിടെയോ ഇരുന്ന് ഗണപതി മിത്ത് ആണെന്ന് പറഞ്ഞാല്‍ സഹിക്കില്ലെന്നായിരുന്നു നടി അനുശ്രീയുടെ പ്രതികരണം. "അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറഞ്ഞതുപോലെ എന്‍റെ പ്രതിഷേധം, പ്രതികരണം അറിയിക്കാനുള്ള ഒരു സദസ്സായി, ഗണപതി എനിക്ക് അനുഗ്രഹിച്ച് തന്ന ഒരു സദസ്സായി ഈ സദസ്സിനെ കാണുന്നു. ക്ഷണം ചോദിച്ചാണ് ഇങ്ങോട്ട് വന്നത്. ആദ്യമായിട്ടാണ് അങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്", ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തില്‍ അനുശ്രീ പറഞ്ഞു.

ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിൽ സ്പീക്കർ എ എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളാണ് നേരത്തെ വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. "വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഞാൻ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് എന്നാണ്. എന്നാൽ ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നത്. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്", എന്നായിരുന്നു ഷംസീറിന്‍റെ വാക്കുകള്‍.

 

അതേസമയം ഉണ്ണി മുകുന്ദന്‍ നായകനാവുന്ന, ഇന്നലെ പ്രഖ്യാപിക്കപ്പെട്ട പുതിയ ചിത്രം അതിന്‍റെ പേര് കൊണ്ട് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് ജയ് ഗണേഷ് എന്നാണ്. മിത്ത് വിവാദം വലിയ ചര്‍ച്ച സൃഷ്ടിക്കുമ്പോള്‍ മാളികപ്പുറത്തില്‍ നായകനായ ഉണ്ണി മുകുന്ദന്‍ ഗണപതി കഥാപരിസരത്തില്‍ എത്തുന്ന ഒരു ചിത്രവുമായി എത്തുന്നു എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായപ്രകടനങ്ങളും വന്നിരുന്നു. എന്നാല്‍ സ്പീക്കറുടെ വിവാദ പരാമര്‍ശത്തിന് ഒരു മാസം മുന്‍പുതന്നെ താന്‍ സിനിമയുടെ പേര് കേരള ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തതായി, രേഖകള്‍ സഹിതം രഞ്ജിത്ത് ശങ്കര്‍ ഇന്ന് വിശദീകരിച്ചിട്ടുണ്ട്. 

ALSO READ : 'കിംഗ് ഓഫ് കൊത്തയുടെ കാര്യത്തില്‍ എന്‍റെ പേടി അതാണ്'; ദുല്‍ഖര്‍ പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios