ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്.
ഈ വർഷത്തെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റായ സിനിമ ഏത് എന്ന് ചോദിച്ചാൽ ഒരുത്തരമേ ഉണ്ടാകൂ. പ്രേമലു. യുവതാരനിരയിൽ ശ്രദ്ധേയനായ നസ്ലെനും മമിത ബൈജുവും പ്രധാന വേഷത്തിൽ എത്തിയ ചിത്രം കേരളത്തിൽ ചെറുതല്ലാത്ത ഓളമാണ് സൃഷ്ടിച്ചിരിക്കുന്നത്. സൂപ്പർതാര,സംവിധായക ചിത്രങ്ങൾക്കൊപ്പം മത്സരിച്ച് പ്രേമലു നേടിയത് ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് എന്ന ഖ്യാതി കൂടിയാണ്. ബോക്സ് ഓഫീസിലും കേരളത്തിലും തരംഗം തീർത്ത ചിത്രം ഇനി തെലുങ്കിൽ കസറാൻ ഒരുങ്ങുകയാണ്.
ഏതാനും നാളുകൾക്ക് മുൻപാണ് പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുന്നുവെന്ന വിവരം പുറത്തുവന്നത്. ഇതിന് പിന്നാലെ ഇപ്പോൾ ട്രെയിലറും റിലീസ് ചെയ്തിരിക്കുകയാണ്. കഥാപാത്രങ്ങൾക്ക് ഉതകുന്ന തരത്തിലുള്ള ഡബ്ബിങ്ങുകളാണ് ചിത്രത്തിൽ നടത്തിയിരിക്കുന്നത്. ഹൈദ്രാബാദ് ബേയ്സ് ചെയ്തുള്ള സിനിമയായത് കൊണ്ട് തന്നെ ഇനി മുതൽ ചിത്രം തെലുങ്ക് സംസാരിച്ച് തുടങ്ങുമെന്നാണ് ഏവരും പറയുന്നത്. കേരളത്തിൽ ചിത്രം തീർത്ത തരംഗം തെലുങ്കിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷയും. മാർച്ച് 8നാണ് റിലീസ്. എസ് എസ് കാര്‍ത്തികേയ ആണ് പ്രേമലു തെലുങ്കിൽ വിതരണത്തിന് എത്തിക്കുന്നത്.
ഫെബ്രുവരി 9നാണ് പ്രേമലു റിലീസ് ചെയ്തത്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി നേടി. കളക്ഷനിലും കുതിച്ചു. പിന്നാലെ വന്ന ചിത്രങ്ങൾക്കൊപ്പം കിടപിടിച്ച് ഇതുവരെ ആഗോളതലത്തിൽ നേടിയിരിക്കുന്നത് 75 കോടി അടുപ്പിച്ചാണെന്നാണ് അനൗദ്യോഗിക കണക്ക്. വൈകാതെ തന്നെ പ്രേമലു 100 കോടി തൊടുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മ്മിച്ചിരിക്കുന്നത്.
