മലയാളി ഇന്‍ഫ്ലുവന്‍സര്‍ അശ്വനി, ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷനിലൂടെ മാസം നേടുന്നത് ഒരു കോടിയിലധികം രൂപയുടെ വരുമാനം

ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷനിലൂടെ വന്‍ നേട്ടം സ്വന്തമാക്കി മലയാളി. പര്‍പ്പിള്‍ ഹാല്‍സിയന്‍ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തയായ അശ്വനി എ ആണ് ആ ഇന്‍ഫ്ലുവന്‍സര്‍. സബ്സ്ക്രൈബേഴ്സിന് മാത്രമായി അശ്വനി പങ്കുവെക്കുന്ന ഉള്ളടക്കങ്ങള്‍ കാണാന്‍ നിലവില്‍ വരിക്കാരായിരിക്കുന്നത് 26000 ല്‍ അധികം പേരാണ്. മാസം 390 രൂപയാണ് സബ്സ്ക്രിപ്ഷന്‍ ഫീസ്. ഇതിലൂടെ അശ്വനിക്ക് മാസം ലഭിക്കുന്നത് ഒരു കോടിക്ക് മുകളില്‍ ആണ്. ഇന്ത്യയില്‍ തന്നെ ഇന്‍സ്റ്റ​ഗ്രാം സബ്സ്ക്രിപ്ഷനിലൂടെ ഏറ്റവും വരുമാനം നേടുന്ന ഇന്‍ഫ്ലുവന്‍സര്‍ എന്ന നിലയിലും അശ്വനിയെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

മോഡല്‍ ആയ അശ്വനി സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ ട്രാവല്‍, ഫാഷന്‍, ലൈഫ്സ്റ്റൈല്‍ ​ഗണത്തില്‍ പെടുന്നവയാണ്. റീലുകളാണ് പ്രധാനമായും സൃഷ്ടിക്കുന്നത്. ഇന്‍സ്റ്റ​ഗ്രാമില്‍ 2.71 ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്സ് ആണ് ഉള്ളത്. സെലിബ്രിറ്റികളായ പേളി മാണി, പ്രിയ വാര്യര്‍, അഹാന കൃഷ്ണ എന്നിവരേക്കാള്‍ സബ്സ്ക്രൈബേഴ്സ് ഉണ്ട് അശ്വനിക്ക്. സമീപകാലത്ത് ഇന്‍സ്റ്റഗ്രാം സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണത്തിലെ നേട്ടം വാര്‍ത്തയായതിന് പിന്നാലെ നിരവധി റോസ്റ്റിം​ഗ് വീഡിയോകളും അശ്വനിക്കെതിരെ വന്നിരുന്നു. അത്തരത്തില്‍ ഒരു വീഡിയോ ചെയ്തയാള്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണെന്നും അവര്‍ അറിയിച്ചിരുന്നു. ഒപ്പം റോസ്റ്റിം​ഗ് നടത്തുന്നവര്‍ക്കുള്ള ബോധവത്കരണം എന്ന നിലയ്ക്ക് ഒരു വീഡിയോയും അശ്വനി ചെയ്തിരുന്നു.

അശ്വനിയുടെ വാക്കുകള്‍

സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് റോസ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ റോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് മാനനഷ്ടം എന്താണെന്നൊക്കെ ഒന്ന് തിരക്കണം കേട്ടോ. എന്നിട്ട് വേണം വീഡിയോ ചെയ്യാന്‍. ഒരു പരിധിയുണ്ട് എല്ലാത്തിനും. അതിന് മുകളില്‍ ഒരാളെപ്പറ്റി വീഡിയോ ചെയ്യുകയാണെങ്കില്‍ അതിനെതിരെ കേസ് എടുക്കാന്‍ പറ്റും. ഇന്ന് രാവിലെ ഞാന്‍ ഒരാള്‍ക്കെതിരെ കേസ് കൊടുത്തു. പുള്ളിയുടെ പേരില്‍ എഫ്ഐആര്‍ ഇട്ട് കേസ് എടുത്തതേയുള്ളൂ. അത് നിങ്ങളെ ഒന്ന് കാണിച്ച് തരാമെന്ന് ഞാന്‍ കരുതി. ഒരാളെ അപകീര്‍ത്തിപ്പെടുത്തുക, ഇല്ലാക്കഥകള്‍ ഉണ്ടാക്കി പറയുക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്തുകഴിഞ്ഞാല്‍ അതൊക്കെ മാനനഷ്ടത്തിന്‍റെ കീഴില്‍ വരുന്നതാണ്. ഫണ്‍ ആയിട്ടുള്ള കാര്യങ്ങള്‍ അങ്ങനെതന്നെ എടുക്കും. അങ്ങനെയുള്ള വീഡിയോകളുടെ താഴെ പോയി ഞാന്‍ തന്നെ കമന്‍റ് ചെയ്യാറുണ്ട്. പക്ഷേ ഒരാളെ മനപൂര്‍വ്വം മോശമാക്കാന്‍ വേണ്ടി ഇങ്ങനെ റോസ്റ്റ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. കാരണം കോടതി കയറി ഇറങ്ങേണ്ടിവരും. എഫ്ഐആര്‍ ഒക്കെ ഇട്ട് കേസ് എടുത്തുകഴിഞ്ഞാല്‍ കേസ് നടത്തി മുന്നോട്ട് പോകാനുള്ള അമ്പിയര്‍ ഉള്ളവര്‍ ആണെന്നുണ്ടെങ്കില്‍ ചെയ്തോളൂ കുഴപ്പമില്ല. എനിക്കും നല്ല ആമ്പിയര്‍ ആണ്. കേസ് ഒക്കെ നടത്തി മുന്നോട്ട് പോകാന്‍ എനിക്ക് ഇഷ്ടംപോലെ സമയമുണ്ട്. റോസ്റ്റ് ചെയ്യുന്ന ആളുകള്‍ക്ക് നിയമം അറിയില്ലെങ്കില്‍ നിങ്ങള്‍ ഒന്ന് ഗൂഗിള്‍ ചെയ്ത് നോക്കണം, കേട്ടോ. അല്ലെങ്കില്‍ വല്ല ചാറ്റ് ജിപിടിയിലോ ജെമിനിയിലോ ചോദിക്ക്. ഒരാളെക്കുറിച്ച് നമുക്ക് ഏതൊക്കെ രീതിയില്‍ വീഡിയോ ചെയ്യാന്‍ പറ്റും, എങ്ങനെയൊക്കെയാണ് എന്ന് നോക്ക് കേട്ടോ.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News