ഫഹദ് ഫാസിലിന്റെ ബി​ഗ് ബജറ്റ് ചിത്രമായ മാലികിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്റർ റിലീസിം​ഗ്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കിൽ നിമിഷ സജയനാണ് നായികയായി എത്തുന്നത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പൊളിറ്റിക്കൽ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. 

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.‌ ഛായാ​ഗ്രഹണം സാനു ജോൺ വർഗീസ്. മാലിക്കിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നരച്ചു തുടങ്ങിയ ഫഹദിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ആകാക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.