കൊച്ചി: മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രം 'മാമാങ്ക'ത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി തന്നെയാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ പ്രാചി തെഹ്ലാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്. 

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് 'മാമാങ്ക'ത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. സിനിമയിലെ ഒരു യുദ്ധരംഗത്ത് പോരാടുന്ന മമ്മൂട്ടിയും ഉണ്ണി മുകുന്ദനെയുമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. മാമാങ്ക മഹോത്സവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം എം പദ്മകുമാറാണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ശ്രേണിയില്‍പ്പെടുത്താവുന്ന ചിത്രത്തിന്‍റെ സെറ്റിന് പത്തുകോടി രൂപയിലേറെ ചെലവായെന്നാണ് റിപ്പോര്‍ട്ട്. 

കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസിയായ വ്യവസായി വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, സുദേവ് നായര്‍, തരുണ്‍ അറോറ, അനു സിതാര, കനിഹ, ഇനിയ എന്നിവരും അഭിനയിക്കുന്നുണ്ട്.