വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രമെന്ന് കരുതുന്ന 'ജനനായകൻ' റിലീസ് വൈകുന്നതിനിടെ, സിനിമയിലെ രംഗങ്ങൾ ഓൺലൈനിൽ ചോർന്നു. Mamitha Baiju jana nayagan

രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് തെന്നിന്ത്യൻ സൂപ്പർ താരം വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ചിത്രമായിരുന്നു ജനനായകൻ. ജനുവരിയിൽ പൊങ്കൽ റിലീസായി എത്തേണ്ടയിരുന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു. അതിനിടെ കഴിഞ്ഞദിവസം ചിത്രത്തിലെ ചില രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടിരുന്നു. ജനനായകൻ ചോർന്നത് വലിയ രീതിയിലുള്ള ചർച്ചകൾക്ക് കൂടിയാണ് തമിഴകത്ത് വഴിതുറന്നിരിക്കുന്നത്.

ശിവകാർത്തികേയൻ, വിശാല അടക്കമുള്ള താരങ്ങൾ ഇതിനെതിരെ രംഗത്തുവന്നിരുന്നു. നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായി മുന്നേറുമെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ജനനായകൻ അണിയറപ്രവർത്തകർക്ക് പിന്തുണയുമായി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ മമിത ബൈജു രംഗത്തെത്തിയിരിക്കുകയാണ്.

"പ്രിയപ്പെട്ട പ്രേക്ഷകരേ, നിരവധി ആളുകളുടെ കഠിനാധ്വാനം, അഭിനിവേശം, അർപ്പണബോധം എന്നിവയിലൂടെയാണ് ഒരു സിനിമ ജീവൻ വെയ്ക്കുന്നത്. ഓരോ ദിവസവും അവർ തങ്ങളാൽ കഴിയുന്നതെല്ലാം നൽകുന്നു. ഇത് നിയമവിരുദ്ധമായി പ്രചരിക്കുന്നത് കാണുന്നത് തീർത്തും നിരാശാജനകമാണ്.ചില നിമിഷങ്ങൾ ഉദ്ദേശിച്ചതുപോലെ തന്നെ ബി​ഗ് സ്ക്രീനിൽ ഒരുമിച്ച് അനുഭവിക്കാൻ ഉള്ളതാണ്. ഔദ്യോഗികമായി റിലീസ് ചെയ്യുമ്പോൾ സിനിമ ശരിയായ രീതിയിൽ കാത്തിരുന്ന് ആസ്വദിക്കാം. ദയവായി പൈറസിയെ പിന്തുണയ്ക്കരുത്. സിനിമയെയും അതിന് പിന്നിലുള്ള എല്ലാവരെയും സംരക്ഷിക്കാനുള്ള ഒരേയൊരു മാർഗം അതാണ്." മമിത ബൈജു കുറിച്ചു.