കൊവിഡ് പ്രതിരോധത്തിന്‍റെ ആദ്യ ഘട്ടത്തില്‍ മേല്‍ക്കെ നേടി എന്നതുകൊണ്ട് ഇനിയുള്ള ദിവസങ്ങളില്‍ ശ്രദ്ധ കൈവിടാന്‍ പാടില്ലെന്ന് മമ്മൂട്ടി. സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും മമ്മൂട്ടി പറയുന്നു. കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ നേട്ടങ്ങളെക്കുറിച്ചുള്ള വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തിറക്കിക്കൊണ്ടാണ് വരാനിരിക്കുന്ന ലോക്ക് ഡൗണ്‍ ദിനങ്ങളെയും ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് മമ്മൂട്ടി നിര്‍ദേശിക്കുന്നത്.

"കൊറോണയുമായുള്ള യുദ്ധത്തിന്‍റെ ആദ്യ ഘട്ടത്തില്‍ നമ്മള്‍ മേല്‍ക്കൈ നേടുക തന്നെ ചെയ്തു. അതിനായി പ്രയത്നിച്ച ഓരോ യോദ്ധാവിനോടും കേരളം കടപ്പെട്ടിരിക്കുന്നു. പക്ഷെ, നമുക്കിത് വിശ്രമിക്കാനുള്ള സമയമല്ല. ഇനിയുള്ള ദിവസങ്ങള്‍ പരമപ്രധാനമാണ്. നമ്മള്‍ ജാഗ്രത തുടരുക തന്നെ വേണം. ആദ്യഘട്ടത്തിൽ പൊരുതി നേടിയ നേട്ടങ്ങളുടെ തുടർച്ചയായിരിക്കണം നമ്മുടെയെല്ലാം ലക്ഷ്യം. നിയമപാലകർക്കും ആരോഗ്യ സംരക്ഷകർക്കും പ്രവർത്തനോർജ്ജം പകരലായിരിക്കണം ഒരോ പൗരന്‍റെയും കർത്തവ്യം. വ്യക്തിതാല്പര്യങ്ങള്‍ മാറ്റി വെച്ച്, സമൂഹനന്മക്കായി ഒരുമിച്ചു നിന്ന്, അതിജീവിക്കാം, ജയിക്കാം, ഈ മഹായുദ്ധം!", മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ നാളെ അവസാനിക്കാനിരുന്ന സാഹചര്യത്തില്‍ അത് മെയ് 17 വരെ നീട്ടിയിരുന്നു. എന്നാല്‍‌ സോണുകള്‍ തിരിച്ചും അല്ലാതെയുമുള്ള ചില ഇളവുകളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയും എറണാകുളവും തൃശ്ശൂരുമാണ് കേരളത്തിലെ ഗ്രീന്‍ സോണ്‍ ജില്ലകള്‍. കണ്ണൂരും കോട്ടയവും റെഡ് സോണിലും മറ്റു ജില്ലകള്‍ ഓറഞ്ച് സോണിലുമാണ്.