മമ്മൂട്ടിയുടെ എക്കാലത്തെയും സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായ കാരിക്കാമുറി ഷണ്മുഖന്‍ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം ചില ചിത്രങ്ങളുടെ റീ റിലീസുകള്‍ തിയറ്ററുകളില്‍ പ്രേക്ഷകര്‍ ആഘോഷിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ വലിയ ഇടവേളയ്ക്കിപ്പുറം ഒരു സൂപ്പര്‍സ്റ്റാര്‍ കഥാപാത്രം തന്നെ പ്രേക്ഷകരെ തേടി വീണ്ടും എത്തുകയാണ്. മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്മുഖന്‍ എന്ന കഥാപാത്രമാണ് ഒരു വരവ് കൂടി വരുന്നത്. എന്നാല്‍ ഇക്കുറി നായകനായി അല്ലെന്ന് മാത്രം. തുടരും എന്ന ചിത്രത്തിലെ ജോര്‍ജ് സാറിനെ അവതരിപ്പിച്ച് വന്‍ ജനപ്രീതി നേടിയ പ്രകാശ് വര്‍മ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുക.
‘ബ്ലാക്കി’ലെ നായകന്‍
മമ്മൂട്ടിയെ നായകനാക്കി 2004 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ബ്ലാക്കിലെ നായക കഥാപാത്രത്തിന്‍റെ പേരായിരുന്നു കാരിക്കാമുറി ഷണ്മുഖന്‍. മമ്മൂട്ടിയുടെ കരിയറിലെ സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായിരുന്നു ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലേത്. അമല്‍ നീരദ് ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനായതും ഈ ചിത്രത്തിലാണ്. എന്നാല്‍ രണ്ടാം വരവില്‍ ഒരു അതിഥി വേഷമാണ് ഷണ്മുഖന്‍റേത്. അഞ്ച് ദിവസത്തെ ഷെഡ്യൂള്‍ ആണ് മമ്മൂട്ടിക്ക് ഈ ചിത്രത്തില്‍ ഉള്ളതെന്നാണ് അറിയുന്നത്. പ്രകാശ് വര്‍മ്മയ്ക്കൊപ്പം പുതുമുഖങ്ങളാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിരാമി മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഷണ്മുഖന്‍റെ വേഷത്തില്‍ മമ്മൂട്ടി നില്‍ക്കുന്ന ഒരു ലൊക്കേഷന്‍ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട് ഇപ്പോള്‍.
അതേസമയം നീണ്ട എട്ട് വര്‍ഷങള്‍ക്കിപ്പുറം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രമായിരിക്കും ഇത്. മോഹന്‍ലാലിനെ നായകനാക്കി 2018 ല്‍ സംവിധാനം ചെയ്ത ഡ്രാമ എന്ന ചിത്രത്തിന് ശേഷം രഞ്ജിത്തിന്‍റേതായി ഫീച്ചര്‍ ലെങ്ത് ചിത്രങ്ങളൊന്നും എത്തിയിട്ടില്ല. അതേസമയം എം ടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി തയ്യാറാക്കപ്പെട്ട ആന്തോളജിയിലെ ഒരു ലഘുചിത്രം രഞ്ജിത്തിന്‍റേതായിരുന്നു. കടുഗണ്ണാവ ഒരു യാത്ര കുറിപ്പ് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടി ആയിരുന്നു. കഴിഞ്ഞ വര്‍ഷം ശ്യാമപ്രസാദ്, മഞ്ജു വാര്യര്‍ എന്നിവരെ കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ആരോ എന്ന ഹ്രസ്വ ചിത്രം നിര്‍മ്മിച്ചത് മമ്മൂട്ടി ആയിരുന്നു. മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിലൂടെയാണ് ഈ ചിത്രം എത്തിയത്.

