അന്തരിച്ച വിഖ്യാത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടിയും മോഹന്‍ലാലും. താനഭിനയിച്ച തമിഴ് ചിത്രം 'അഴകനി'ല്‍ എസ്‍പിബി പാടിയ 'സംഗീത സ്വരങ്ങള്‍' എന്ന വരികള്‍ അദ്ദേഹത്തിന്‍റെ ചിത്രത്തിനൊപ്പം പങ്കുവച്ചാണ് മമ്മൂട്ടി ഫേസ്ബുക്കിലൂടെ ആദരാഞ്ജലി നേര്‍ന്നത്. എസ് പി ബാലസുബ്രഹ്മണ്യം ഒരു യഥാര്‍ഥ ഇതിഹാസമായിരുന്നുവെന്നും മമ്മൂട്ടി കുറിച്ചു.

സംഗീത ലോകത്തിന് യഥാര്‍ഥ നഷ്ടമെന്നാണ് എസ് പി ബിയുടെ ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഹൃദയത്തെ ഉലയ്ക്കുന്ന വാര്‍ത്തയാണെന്നും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും മോഹന്‍ലാല്‍ കുറിച്ചു.

ഇന്ത്യന്‍ സിനിമാമേഖലയിലെ ഒട്ടുമിക്ക പ്രമുഖരും ഈ അതുല്യ ഗായകന് ആദരാഞ്ജലികള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. ഓഗസ്റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് എസ്‍പിബിയെ ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡിനൊപ്പം ന്യൂമോണിയ കൂടി വന്നതോടെ നില വഷളായ അദ്ദേഹത്തെ ഓഗസ്റ്റ് 14ന് വെന്‍റിലേറ്ററിലേക്കും മാറ്റിയിരുന്നു. ഈ മാസം നാലിന് നടത്തിയ കൊവിഡ് പരിശോധന നെഗറ്റീവ് ആയിരുന്നുവെങ്കിലും വെന്‍റിലേറ്ററില്‍ നിന്ന് മാറ്റേണ്ട അവസ്ഥയിലേക്ക് ആരോഗ്യനില എത്തിയിരുന്നില്ല. എസ് പി ബി തിരിച്ചുവരവിന്‍റെ പാതയിലാണെന്ന തരത്തിലുള്ള പ്രതീക്ഷകള്‍ ഉണര്‍ത്തിയ രണ്ടാഴ്ചകള്‍ക്കുശേഷമാണ് ഇന്നലെ വൈകിട്ട് ആശുപത്രിയുടെ പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തെത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യനില കൂടുതല്‍ വഷളായെന്നും പരമാവദി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് കഴിയുന്നതെന്നുമായിരുന്നു ബുള്ളറ്റിനില്‍. സ്ഥിതി വീണ്ടും വഷളാക്കി ഇന്ന് രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് മരണം.