നിർമ്മാതാവ് ജോബി ജോർജ്ജ്, 'കസബ'യിലെ മമ്മൂട്ടിയുടെ രാജൻ സക്കറിയ എന്ന കഥാപാത്രം തിരികെ വരുമെന്ന് സൂചന നൽകി.
മമ്മൂട്ടി പോലീസ് കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു 2016 ൽ പുറത്തിറങ്ങിയ കസബ. നിതിൻ രൺജി പണിക്കർ ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നിർമ്മാതാവായ ജോബി ജോർജ്. 'രാജൻ സക്കറിയ വീണ്ടും വരും' എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ജോബി ജോർജ് കുറിച്ചത്. വരലക്ഷ്മി ശരത് കുമാർ, നേഹാ സക്‌സേന, ജഗദീഷ്, സമ്പത്ത് രാജ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മാറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൻറെ രണ്ടാം ഭാഗമാണോ റീ റിലീസ് ആണോ വരാൻ പോകുന്നതെന്ന ആകാംക്ഷയിലാണ് ആരാധകർ.
അതേസമയം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' ആണ് മമ്മൂട്ടി ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം. ചിത്രീകരണം പൂർത്തിയായ പേട്രിയറ്റിന്റെ ഏറ്റവും പുതിയ അപ്‌ഡേഷന് വേണ്ടി ആരാധകർ പ്രതീക്ഷയിലാണ്. പത്തൊൻപത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങീ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മമ്മൂട്ടി- വിനായകൻ കോംബോയിലെത്തിയ കളങ്കാവൽ റിലീസ് ചെയ്ത് നാല്പത് ദിവസങ്ങൾക്ക് ശേഷവും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. നവാഗതനായ ജിതിൻ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ സ്റ്റാൻലി എന്ന പ്രതിനായകനായാണ് മമ്മൂട്ടി എത്തിയത്. വിനായകൻെറയും മമ്മൂട്ടിയുടേയും ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.



