Asianet News MalayalamAsianet News Malayalam

'ക്ലിന്‍റ് ഈസ്റ്റ്‍വുഡ്, ഡിനീറോ, അല്‍ പച്ചീനോ എന്നിവരേക്കാള്‍ റേഞ്ച്'; മമ്മൂട്ടിയെക്കുറിച്ച് അല്‍ഫോന്‍സ്

ഈ വര്‍ഷത്തെ വിജയചിത്രങ്ങളിലൊന്നാണ് ഭീഷ്‍മ പര്‍വ്വം

mammootty better actor than al pacino clint eastwood and robert de niro says Alphonse Puthren
Author
Thiruvananthapuram, First Published May 25, 2022, 7:04 PM IST

അഭിനയ പ്രതിഭയുടെ കാര്യത്തില്‍ പേരുകേട്ട ഹോളിവുഡ് നടന്മാരേക്കാള്‍ മുകളിലാണ് താന്‍ മമ്മൂട്ടിയെ (Mammootty) നോക്കിക്കാണുന്നതെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ (Alphonse Puthren). മമ്മൂട്ടി നായകനായ ഭീഷ്‍മ പര്‍വ്വത്തെക്കുറിച്ചുള്ള അഭിപ്രായം അല്‍ഫോന്‍സ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ചിത്രം ഗംഭീരമായെന്നും മുഴുവന്‍ അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും ബഹുമാനവും സ്നേഹവും ഉണ്ടെന്നായിരുന്നു അല്‍ഫോന്‍സിന്‍റെ കുറിപ്പ്. ചിത്രത്തിന്‍റെ ലുക്ക് ആന്‍ഡ് ഫീല്‍ സൃഷ്ടിച്ച അമല്‍ നീരദിനും ഛായാഗ്രാഹകന്‍ ആനന്ദ് സി ചന്ദ്രനും പ്രത്യേക സ്നേഹമെന്നും. ഇതിന് മറുപടിയായി ആരാധകര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും അല്‍ഫോന്‍സ് പറയുന്നത്.

ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനം എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യത്തിന് കിക്കിടു ആയിരുന്നുവെന്നും ഉഗ്രന്‍ പ്രകടനമായിരുന്നുവെന്നുമാണ് അല്‍ഫോന്‍സിന്‍റെ പ്രതികരണം. ചിത്രം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണെന്ന ഒരാളുടെ വിമര്‍ശനത്തിന് അല്‍ഫോന്‍സിന്‍റെ മറുപടി ഇങ്ങനെ- പഴയ വീഞ്ഞായിരുന്നെങ്കില്‍ ചീഞ്ഞുപോയേനെ. പുതിയ വീഞ്ഞ് പഴയ കുപ്പിയിലായിരുന്നു. തുടര്‍ന്ന് മമ്മൂട്ടിയുടെ അഭിനയപ്രതിഭയെക്കുറിച്ച് ഒരു ആരാധകന്‍റെ വിലയിരുത്തലിനോട് യോജിച്ചുകൊണ്ട് അല്‍ഫോന്‍സ് ഇങ്ങനെ പറയുന്നു- വളരെ ശരിയായ വാക്കുകള്‍. അദ്ദേഹത്തിന് ക്ലിന്‍റ് ഈസ്റ്റ്‍വുഡ്, റോബര്‍ട്ട് ഡിനീറോ, അല്‍ പച്ചീനോ എന്നിവരേക്കാള്‍ ഉയര്‍ന്ന റേഞ്ച് ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്നെ സംബന്ധിച്ച് അദ്ദേഹം കേരളം, തമിഴ്നാട്, ഇന്ത്യ, ലോകം എന്നിവിടങ്ങളുടെയൊക്കെ ഒരു മാണിക്യമാണ്. അദ്ദേഹം ശരിക്കും ഒരു രാജമാണിക്യമാണ്. തൊട്ടുപിന്നാലെ അല്‍ഫോന്‍സ് ഇങ്ങനെകൂടി പറയുന്നു. ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയെയും ഒരു താരം എന്ന നിലയില്‍ മോഹന്‍ലാലിനെയുമാണ് എനിക്കിഷ്ടം. തന്‍റെ പുതിയ ചിത്രം ഗോള്‍ഡിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകള്‍ കാരണമാണ് ഭീഷ്മ പര്‍വ്വം കാണാന്‍ വൈകിയതെന്നും അല്‍ഫോന്‍സ് ചോദ്യത്തിന് ഉത്തരമായി പറയുന്നുണ്ട്. 

mammootty better actor than al pacino clint eastwood and robert de niro says Alphonse Puthren

 

അതേസമയം മലയാളത്തില്‍ ഈ വര്‍ഷത്തെ വിജയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഭീഷ്‍മ പര്‍വ്വം. ആദ്യദിനം തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് ബോക്സ് ഓഫീസില്‍ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസിന്‍റെ ഒരാഴ്ചയ്ക്കുള്ളില്‍ 50 കോടി നേടിയിരുന്നു ചിത്രം. സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ച ചിത്രം കൂടിയാണ് ഭീഷ്‍മ പര്‍വ്വം. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ചിത്രത്തിന് ലഭിച്ച വലിയ പ്രീ-റിലീസ് ഹൈപ്പിന് കാരണം. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള ആദ്യ ബിഗ് റിലീസ് എന്നതും ചിത്രത്തിന് ഗുണമായി.

Follow Us:
Download App:
  • android
  • ios