ചിത്രത്തിൽ നിർണായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്
മലയാളി സിനിമാ താരങ്ങളില്‍ കേരളത്തിന് പുറത്ത് ഇന്ന് ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഒരാള്‍ മമ്മൂട്ടിയാണ്. അദ്ദേഹത്തിന്‍റെ സമീപകാല സിനിമാ തിരഞ്ഞെടുപ്പുകളും ഒടിടിയിലൂടെ ആ ചിത്രങ്ങള്‍ കാണാന്‍ മറുഭാഷാ പ്രേക്ഷകര്‍ക്ക് ലഭിച്ച അവസരവുമാണ് അതിന് കാരണം. മറുഭാഷാ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും സമീപകാല അഭിമുഖങ്ങളില്‍ മമ്മൂട്ടിയും അദ്ദേഹത്തിന്‍റെ പുതിയ കഥാപാത്രങ്ങളുമൊക്കെ പലപ്പോഴായി പരാമര്‍ശിക്കപ്പെടുന്നത് കാണാം. അതിനാല്‍ത്തന്നെ മറുഭാഷയിലെ ഒരു ശ്രദ്ധേയ പ്രോജക്റ്റിലേക്ക് മമ്മൂട്ടി എത്തുമ്പോള്‍ അതിന്‍റെ മൂല്യം കൂടുകയാണ്. അത്തരത്തിലൊന്ന് തമിഴില്‍ നിന്ന് വരാനിരിക്കുകയാണ്. ഇപ്പോഴിതാ അത് സംബന്ധിച്ച ഒരു പ്രഖ്യാപനവും എത്തിയിരിക്കുകയാണ്.
ധനുഷിനെ നായകനാക്കി ശ്രദ്ധേയ സംവിധായകന്‍ രാജ്‍കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് അത്. വമ്പന്‍ ഹിറ്റ് ആയ അമരന് ശേഷം രാജ്കുമാര്‍ ഒരുക്കുന്ന ചിത്രമാണ് ഇത്. നേരത്തെ പ്രഖ്യാപിച്ച ചിത്രത്തിന്‍റെ പുതിയ പ്രഖ്യാപനം അതിന്‍റെ ടൈറ്റില്‍ അനൗണ്‍സ്‍മെന്‍റ് സംബന്ധിച്ചാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ നാളെ പ്രഖ്യാപിക്കും. മലയാളം, തമിഴ് പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്. അതിനാല്‍ പേര് സംബന്ധിച്ചുള്ള വലിയ കൗതുകവും സിനിമാപ്രേമികള്‍ക്കിടയില്‍ ഉണ്ട്. ചിത്രത്തിലെ വളരെ നിര്‍ണായകമായ ഒരു കഥാപാത്രമായാണ് മമ്മൂട്ടി എത്തുക.
ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കാൻ പോകുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2018 ൽ റാം ഒരുക്കിയ 'പേരന്‍പ്' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്. അതിലെ ഗംഭീര പ്രകടനത്തിന് വലിയ പ്രേക്ഷക, നിരൂപക പ്രശംസയും മമ്മൂട്ടി നേടിയിരുന്നു. തമിഴിൽ ഒട്ടേറെ ചിത്രങ്ങളിൽ നായകനായി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള താരം കൂടിയാണ് മമ്മൂട്ടി. അത് കൊണ്ട് തന്നെ അദ്ദേഹം വീണ്ടും തമിഴിൽ എത്തുമ്പോൾ ആരാധകരുടെ ആവേശം വളരെ വലുതാണ്. തൻ്റെ കരിയറിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ കഥാപാത്രം എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമ പ്രേമികളും. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും. സായ് അഭയങ്കർ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ധനുഷിന്‍റെ കരിയറിലെ 55-ാം ചിത്രമാണ് ഇത്. ഡി 55 എന്നായിരുന്നു ചിത്രത്തിന്‍റെ വര്‍ക്കിംഗ് ടൈറ്റില്‍.



