കേരള പൊലീസ് ആരംഭിച്ച ലഹരി വിരുദ്ധ ഓപറേഷന്‍ തൂഫാനില്‍ പങ്കുചേര്‍ന്ന് മോഹന്‍ലാല്‍
ലഹരി മാറിയയുടെ വേരറുക്കുന്നത് ലക്ഷ്യമാക്കി കേരള പൊലീസ് ആരംഭിച്ച ഓപറേഷന്‍ തൂഫാനില്‍ പങ്കുചേര്‍ന്ന് നടന്‍ മോഹന്‍ലാലും. തൂഫാന്‍ വാറിയര്‍ ബാഡ്ജ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മോഹന്‍ലാലിന് കൈമാറി. ഓപറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫീസറായ ഉത്തരമേഖലാ ഐജി പുട്ട വിമലാദിത്യയുടെ കൂടി സാന്നിധ്യത്തിലായിരുന്നു ഇത്. തങ്ങള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്ന കാര്യമാണിതെന്ന് പറഞ്ഞ മോഹന്‍ലാല്‍ തന്‍റെ അച്ഛനമ്മമാരുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ ഈ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും രമേശ് ചെന്നിത്തലയോട് വിശദീകരിച്ചു. മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഈ കൂടിക്കാഴ്ചയുടെ വീഡിയോയും എത്തിയിട്ടുണ്ട്.
കേരളത്തിന്‍റെ ഏറ്റവും വലിയ പ്രശ്നമാണ് നിരോധിത പുകയില ഉല്‍പന്നങ്ങളും ലഹരിയുമെന്ന് രമേശ് ചെന്നിത്തല മോഹന്‍ലാലിനോട് പറഞ്ഞു. അത് തടയാന്‍ പൊലീസ് സജീവമായി രംഗത്തിറങ്ങുമെന്നും അതിനോട് കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും സഹകരിക്കണമെന്നും തങ്ങള്‍ എത്രയോ കാലമായി ആഗ്രഹിക്കുന്ന കാര്യമാണ് താങ്കള്‍ നടപ്പാക്കുന്നത് എന്നാർുമായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. “അതിന് ഞാന്‍ ഈ മന്ത്രിസഭയ്ക്കും അങ്ങേയ്ക്കും നന്ദി പറയുന്നു. ഒരുപാട് കുടുംബങ്ങളെ, സ്കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുമായി ചേര്‍ന്ന് വിശ്വ ശാന്തി ഫൗണ്ടേഷന്‍ ഒരുപാട് പ്രോജക്റ്റുകള്‍ ചെയ്തു. കേരള പൊലീസുമായി ചേര്‍ന്ന് എന്ത് തരത്തിലുള്ള സഹായവും ഞങ്ങള്‍ ചെയ്യാം. ഇത്തരമൊരു കാര്യം ചെയ്യേണ്ട സമയമാണ് ഇത്. കൈവിട്ടുപോയിക്കഴിഞ്ഞാല്‍..”, മോഹന്‍ലാലിന്‍റെ വാക്കുകള്‍.
തുടര്‍ന്ന് ഓപറേഷന്‍ തൂഫാന്‍റെ ഭാഗമായി ഉടന്‍ നടക്കാനുള്ള പ്രവര്‍ത്തനങ്ങളും രമേശ് ചെന്നിത്തല വിശദീകരിച്ചു. “സൗത്ത് ഇന്ത്യയിലെ മുഴുവന്‍ ഡിജിപിമാരുടെയും യോഗം വിളിക്കുകയാണ്. ഒപ്പം ഐബി, കസ്റ്റംസ്, എയര്‍ഫോഴ്സ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഉണ്ടാവും. വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും ജലമാര്‍ഗങ്ങളുമൊക്കെ കൃത്യമായി നിരീക്ഷിക്കാനുള്ള മാര്‍ഗമാണ് തേടുന്നത്. ഡ്രഗ്സ് ഏറ്റവും കൂടുതല്‍ ട്രെയിനിലൂടെയാണ് വരുന്നത്. അതിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള പരിപാടികളാണ് നടപ്പാക്കുന്നത്. ഇതൊരു ആരംഭ ശൂരത്വം ആയി അവസാനിക്കുന്നില്ല. കേരള പൊലീസിന്‍റെ ഒരു തുടര്‍ പ്രവര്‍ത്തനമായി ഇത് മാറ്റുകയാണ്”, രമേശ് ചെന്നിത്തല പറഞ്ഞു. ആന്‍റണി പെരുമ്പാവൂരും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.



